ശ്രീ നാരായണഗുരുദേവന്റെ ജീവിതം, ദർശനം, കൃതികൾ, സന്ദേശങ്ങൾ, നവോത്ഥാനമുന്നേറ്റങ്ങൾ, ഇവയെ സംബന്ധിച്ചുള്ള പഠനങ്ങൾ തുടങ്ങി ധാരാളം കൃതികൾ മലയാളഭാഷയിൽ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പലപ്രകാരത്തിലും പലപ്രകരണത്തിലുമുള്ളവയാണ്. അതായത് മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും വിഷയങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ ഗുരുദേവന്റെ ദാർശനികവും സാമൂഹികവുമായ സംഭാവനകളെയും ആവിഷ്കാരങ്ങളെയും അമേയമായ യോഗാത്മകജീവിതത്തെയും അടുത്തറിയുന്നതിനു ഒറ്റ വാല്യത്തിലുള്ള ഒരു സമഗ്രഗ്രന്ഥം അപൂർവമാണ്.
കുറഞ്ഞ പക്ഷം ഒരു കൂട്ടം പുസ്തകങ്ങൾ ചേർത്തുവെച്ച് പഠിച്ചാലല്ലാതെ ഗുരുദേവനെ യഥാതഥമായി അറിയുന്നതിനു സാദ്ധ്യമാകുന്നതല്ല. മാത്രവുമല്ല അതിനുപകരിക്കുന്ന യോഗ്യമായ പുസ്തകങ്ങൾ കണ്ടെത്തുന്നതും എളുപ്പമല്ല. മലയാളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ അന്യഭാഷകളിലെ സ്ഥിതി പറയാനുമില്ല. ഈയൊരു പരിമിതി ലോകത്തിനു ഗുരുദേവനെ നേരാംവിധം കാണുന്നതിനും അറിയുന്നതിനും വലിയ മറയും തടസവുമാണ് സൃഷ്ടിച്ചിരുന്നത്. ഈയൊരു സാഹചര്യത്തെ ഗൗരവത്തിൽ മനസിലാക്കിക്കൊണ്ടാണ്, ലോകത്ത് ഇന്നുള്ളതും ഇനി വരാനിരിക്കുന്നതുമായ സമസ്ത മനുഷ്യരുടെയും സർവതോമുഖമായ ഉദ്ധാരണത്തിനും സ്വാതന്ത്ര്യത്തിനും അഭ്യുന്നതിക്കും ഏകീകരണത്തിനും സ്വജീവിതം തന്നെ ദർശനവും സന്ദേശവുമാക്കിത്തീർത്ത ശ്രീനാരായണഗുരുദേവനെ ലോകത്തിനറിയുവാൻ തക്കവിധം ഇംഗ്ലീഷിൽ ആധികാരികമായ ഒരു സമഗ്രഗ്രന്ഥം ഇപ്പോൾ കേരളസാഹിത്യ അക്കാഡമി പുറത്തിറക്കിയിരിക്കുന്നത്.
Sree Narayana Guru- The Mystical Life and Teachings എന്ന ഈ ബൃഹദ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് ശിവഗിരി മാസികയുടെ എഡിറ്റർ കൂടിയായ മങ്ങാട് ബാലചന്ദ്രനാണ്. ഗുരുദേവനെ അറിയാനും അറിയിക്കാനും നേരാംവഴി കാട്ടുന്ന ഈ ഗ്രന്ഥം ഇക്കഴിഞ്ഞ സെപ്റ്റംബർ 20 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ദർബാൾ ഹാളിൽ വച്ച് മന്ത്രി എ.കെ. ബാലൻ പ്രകാശിപ്പിക്കുമ്പോൾ ഞാനും ശിവഗിരിമഠത്തിലെ സന്യാസി സഹോദരന്മാർക്കൊപ്പം അവിടെ ഉണ്ടായിരുന്നു. ഈയൊരൊറ്റ പുസ്തകത്തിലൂടെ ഗുരുദേവന്റെ ദാർശനിക സാമൂഹിക ജീവിതത്തെയും ദർശനത്തെയും സന്ദേശങ്ങളെയും നല്ലൊരളവോളം മറയില്ലാതെ അടുത്തറിയുവാൻ സാധിക്കുമെന്നതാണു പ്രധാനം. ഇംഗ്ലീഷിൽ ഇതുപോലെ അവശ്യമായ എല്ലാ ഭാഗങ്ങളും ഒന്നിച്ചുൾക്കൊള്ളുന്ന ഒരു ഗ്രന്ഥം ആദ്യത്തേതാണെന്നു നിസംശയം പറയാം.
ഗുരുദേവ ജീവചരിത്രത്തിന്റെ ആധികാരികമായ സംഗ്രഹത്തിനു പുറമേ ആത്മോപദേശശതകം, ദർശനമാല, ബ്രഹ്മവിദ്യാപഞ്ചകം, സ്വാനുഭവഗീതി, ദൈവദശകം, ജാതിനിർണയം, ജാതിലക്ഷണം, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം തുടങ്ങി 20 കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും ഈ ഗ്രന്ഥത്തിലുണ്ട്. ശിവഗിരി തീർത്ഥാടനത്തിന്റെ ആശയവും ലക്ഷ്യവും വെളിവാക്കുന്ന ചരിത്രസംഭാഷണം, മഹാത്മാഗാന്ധിയും സഹോദരൻ അയ്യപ്പനും സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണം, ആകെ കൃതികളെക്കുറിച്ചുള്ള വിവരം, സന്ദേശങ്ങളുടെ ശേഖരം, കൃത്യമായ കാലഗണനയും ചരിത്രമുഹൂർത്തങ്ങളും സംബന്ധിച്ച രേഖപ്പെടുത്തൽ, ഇവയെല്ലാം ഗുരുദേവന്റെ ബഹുമുഖ നിരീക്ഷണങ്ങളിലേക്കും മാനവിക ഉൾക്കാഴ്ചകളിലേക്കും കടന്നുചെല്ലുവാൻ നമുക്ക് സഹായകമാകുന്ന വലിയ സൂചികകളാണ്.
രംഗനാഥാനന്ദസ്വാമിയുടെ The Guru's Wisdom and Discernment, മുനിനാരായണപ്രസാദ് സ്വാമിയുടെ Narayana Guru- Philosopher and Yogin, ഒ.എൻ.വി കുറുപ്പിന്റെ Guru's Sense of Committment- A self imposed responsibility, ഋതംഭരാനന്ദ സ്വാമിയുടെ The Guru's Concept of Religion,സ്വാമി സംപ്രസാദിന്റെ A Spiritual Scientist of Par excellence, ഡോ. സുനിൽ പി. ഇളയിടത്തിന്റെ The Guru's Vision of Religion, ശ്രീമതി സത്യഭായി ശിവദാസിന്റെ Emancipation of the Women of Kerala- The Roll of the Guru എന്നീ പഠന- ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇങ്ങനെ ഗുരുദേവനെ നേരായി അറിയുവാൻ ലക്ഷണമൊത്ത ഒരു ഗ്രന്ഥം അതും ഇംഗ്ലീഷ് ഭാഷയിൽ കേരള സാഹിത്യഅക്കാഡമിയിലൂടെ നമുക്ക് ലഭ്യമായിരിക്കുന്നു. ആദ്യമായിട്ടാണു ഗവൺമെന്റ് തലത്തിലുള്ള ഒരു അക്കാഡമിയിൽ നിന്നും ഈ വിധമൊരു ഗുരുദേവഗ്രന്ഥം ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമാകുന്നത്. ആഗോളഭൂപടത്തിൽ ഗുരുദേവന്റെ യോഗാത്മക ജീവിതത്തെയും ദർശനത്തെയും ഭാഷകൊണ്ട് അടയാളപ്പെടുത്തുന്ന ഈ ഉത്കൃഷ്ട ഗ്രന്ഥം വായിക്കുവാനും പഠിക്കുവാനും സൂക്ഷിക്കുവാനും കഴിഞ്ഞാൽ അതുതന്നെ ഒരു ഗുരുപൂജയായി അനുഭവപ്പെടും. നിശ്ചയം. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില ₹ 750,
ഫോൺ: 0487 2331060, ഇ-മെയിൽ: akademipublication@gmail.com (കോപ്പികൾ ശിവഗിരിമഠത്തിലും നാരായണഗുരുകുലത്തിലും കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റെ എല്ലാ ശാഖകളിലും ഇപ്പോൾ ലഭ്യമാണ്)