ബ്ലൂ ജീൻസ്, സ്റ്റോൺവാഷ് ഷർട്ട്, ഒരു കൈയിൽ പിടിച്ച് ഐശ്വര്യ റായ്, മറുകരം കവർന്ന് നടി റെയ്മ സെൻ. 'ചോക്കർ ബാലി " യുടെ പ്രഥമ പ്രദർശനം കഴിഞ്ഞ് ഐ.എഫ്.എഫ്.ഐ ( ഇഫി)യുടെ പത്രസമ്മേളന ഹാളിലേക്ക് താരപരിവേഷത്തോടെ നടന്നുവന്ന ബംഗാളി സംവിധായകൻ ഋതുപർണ ഘോഷിന്റെ മുഖം ഇനിയും മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഡൽഹിയിലെ അവസാന ഇഫിയായിരുന്നു അത്. 2004ൽ ഇഫിയുടെ സ്ഥിരം വേദിയായി ഗോവ മാറി.
കാലാന്തരത്തിൽ ട്രാൻസ് ജെൻഡറായി പരിണമിച്ച ഋതുപർണനെ കണ്ട് ഞെട്ടിയത് പിന്നീടൊരിക്കൽ ഗോവയിൽ വച്ചായിരുന്നു. ചിത്രാംഗദ എന്ന ചിത്രവുമായിട്ടായിരുന്നു വരവ്. അതിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രൂപം. എന്നും ചിരിച്ചുല്ലസിച്ച് വർത്തമാനം പറഞ്ഞിരുന്ന സുഹൃത്ത്, ' എന്റെ ചിത്രാംഗദയെ കാണൂ... അതെല്ലാത്തിനും ഉത്തരം പറയും"എന്ന മറുപടിയോടെ സൗഹൃദത്തെ അന്ന് ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി. 2013-ൽ മേയ് 30ന് ഋതുപർണൻ വിട പറഞ്ഞു. മരണശേഷം അദ്ദേഹത്തിന്റെ അവസാന കഥാചിത്രം ' സത്യാന്വേഷി" ഇന്ത്യൻ പനോരമയിലേക്കുള്ള എൻട്രിയായി വന്നപ്പോൾ അത് തിരഞ്ഞെടുത്ത ജൂറിയിൽ ഇതെഴുതുന്നയാൾ അംഗമായിരുന്നത് ഒരുപക്ഷേ നിയോഗമായിരിക്കാം.
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം ഇക്കുറി അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ഓർമ്മകളുടെ സ്ക്രീനിൽ സിനിമയിലെന്ന പോലെ വികാരസമ്മിശ്രമായ എത്രയെത്ര കാഴ്ചകൾ. മാർത്താ മെസോറസും മക്മൽബഫും കിം കി ഡുക്കും അമോസ് ഗിത്തായിയും ഡാൻ വോൾമാനും തുടങ്ങി വിഖ്യാത ചലച്ചിത്രകാരന്മാരുമായി അഭിമുഖങ്ങളും ഒത്തുചേരലുകളും. ലോകത്തിലെ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങൾ പകർത്തുന്ന സിനിമാ കാഴ്ചകൾ.
ബ്യൂറോക്രസി ഭരിക്കുന്ന ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി പറിച്ചു നട്ടപ്പോൾ അന്നാട്ടുകാർ നന്ദി പറഞ്ഞത് മനോഹർ പരീക്കറെന്ന ജനപ്രിയനായ മുഖ്യമന്ത്രിക്കായിരുന്നു. അന്ന് സ്ഥിരം വേദിയായി പരിഗണിച്ചിരുന്ന രണ്ട് സ്ഥലങ്ങളിലൊന്ന് തിരുവനന്തപുരമായിരുന്നു. പക്ഷേ പരീക്കറെ പോലെ ജനവികാരം മനസിലാക്കുന്ന രാഷ്ട്രീയ നേതൃത്വം നമുക്കില്ലാതെ പോയി. ഒരു കണക്കിന് നോക്കിയാൽ ഗോവ തന്നെയാണ് സ്ഥിരം വേദിയാക്കാൻ അനുയോജ്യമായ സ്ഥലം. നല്ല ആംബിയൻസ്, കുറഞ്ഞ ചെലവിൽ ലഭിക്കുന്ന താമസ സൗകര്യം, ഭക്ഷണം, മദ്യം. അങ്ങനെ ചലച്ചിത്ര പ്രേക്ഷകരെ ഗോവ എന്നും പിടിച്ചു വലിക്കുന്നു. തിരുവനന്തപുരത്തെ പോലെ തിക്കിത്തിരക്കാതെ, ആൾക്കൂട്ട ബഹളങ്ങളെ ഭയക്കാതെ, ആധുനിക സ്ക്രീനുകളുള്ള ഐനോക്സ് തിയേറ്ററുകളിൽ സ്വസ്ഥമായി സിനിമകൾ ആസ്വദിച്ചു കാണാം. ചലച്ചിത്രോത്സവ വേളയിൽ ഗോവ സംസാരിക്കുന്നത് മലയാളമാണ്. ഏറ്റവും കൂടുതൽ പ്രതിനിധികളും മലയാളികൾ തന്നെ. മണ്ഡോവി നദി ഒഴുകുകയാണ് ശാന്തമായി. അതിഥികളെ വരവേൽക്കാൻ ഗോവയിലെ കടലോരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ഗോവ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിപ്പെരുന്നാളിന് തയ്യാറെടുക്കുന്ന കാലം. ക്രിസ്മസിന്റെ സജീവമായ ടൂറിസം സീസണിലേക്ക് നവംബർ വഴിമാറുന്ന വേളയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയ്ക്ക് ഗോവ വേദിയൊരുക്കുന്നത്. നവംബർ 20 മുതൽ 28 വരെ ലോക സിനിമയുടെ മായക്കാഴ്ചകൾ ഗോവയെ വലിയൊരു തിയേറ്ററാക്കി മാറ്റും.
l
കിം കി ഡുക് എന്ന കൊറിയൻ ചലച്ചിത്ര ഇതിഹാസം വിസ്മയിപ്പിച്ചതും നിരാശപ്പെടുത്തിയതും ഗോവയിൽ വച്ചുതന്നെ. സ്പ്രിംഗ്, സമ്മർ, ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ് എന്ന ചലച്ചിത്ര കാവ്യം കിമ്മിന്റെ ആരാധകനാക്കി മാറ്റി. പക്ഷേ കഴിഞ്ഞ വർഷം ഹ്യൂമൻ സ്പെയിസ് ടൈം ആൻഡ് ഹ്യൂമൻ എന്ന തല്ലിപ്പൊളി ചിത്രത്തിലൂടെ കിം ആരാധകരെ മുഴുവൻ നിരാശരാക്കി. ഗോവയിൽ കിം ആദ്യമായി വന്നപ്പോൾ അവിസ്മരണീയമായ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നു. സരസൻ. ലഹരി നുണയുന്നത് കണ്ട് അതിശയിച്ചുപോയിട്ടുണ്ട്.
എന്നാൽ മക്മൽ ബഫ് എന്ന ഇറാനിയൻ സംവിധായകൻ ഒരിക്കലും നിരാശപ്പെടുത്തിയില്ല. ബഫിനെ അഭിമുഖം നടത്തിയപ്പോൾ ഫോട്ടോയെടുക്കാൻ എത്തിയത് മറ്റൊരു ചലച്ചിത്ര സംവിധായകനായ ഷാജി എൻ.കരുണായിരുന്നു. കഴിഞ്ഞതവണ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി നേടിയ വിഖ്യാത ഇസ്രായേലി ചലച്ചിത്രകാരൻ ഡാൻവോൾമാൻ പരിചയപ്പെട്ടതോടെ ചിരകാല സുഹൃത്തിനെപ്പോലെയായി മാറി. 49-ാം ഇഫിയിൽ മുഖ്യ ആകർഷണമായിരുന്ന ഡാനിന്റെ ആദ്യ അഭിമുഖം ലഭിച്ചിരുന്നു. ചലച്ചിത്രയുടെ മുൻ ഫെസ്റ്റിവൽ ഡയറക്ടർ ജോർജ് മാത്യുവാണ് ഡാനിനെ പരിചയപ്പെടുത്തിയത്. സുപ്രഭാതം നേർന്ന് ഡാൻ അയയ്ക്കുന്ന സന്ദേശങ്ങൾ ഇപ്പോൾ പതിവായിരിക്കുന്നു. ഇന്ത്യയിൽ വച്ചൊരു സിനിമ ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഡാൻ നല്ലൊരു നിർമ്മാണ പങ്കാളിയെ തേടുകയാണ്. ഇക്കുറി ഫിലിം ബസാറിൽ ഡാൻ ഉണ്ടാകും, ഇസ്രായേലി ഡെലിഗേഷനെ നയിച്ചുകൊണ്ട്. ആ വിവരം നേരത്തെ അറിയിച്ച ഡാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് വീണ്ടും കാണാൻ.
അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഇഫിയിലേക്ക് വരാറില്ല. സംഘാടകർ ക്ഷണിച്ചു കൊണ്ടുവരേണ്ടതാണ് രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കേ അവാർഡും നൽകി ആദരിച്ച ഈ സംവിധായകനെ. ഇഫിയിലേക്ക് അന്യ ദേശങ്ങളിൽ നിന്നെത്തുന്നവർ അടൂരിനോട് കാണിക്കുന്ന ആദരവും ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ കാണിക്കുന്ന താത്പ്പര്യവും പലപ്പോഴും അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അടൂരിനെ അനഭിമതനാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്.
പനാജിയിലെ കാരിത്താസ് ക്രിസ്റ്റ്യൻ ഹോളിഡേ ഹോമിലാണ് നല്ലൊരു പങ്ക് മലയാളികളും താമസിക്കുന്നത്. ഒരുവർഷം മുമ്പേ അവിടെ ബുക്കിംഗ് ഫുള്ളാകും. ചലച്ചിത്രോത്സവ വേദിയിലേക്ക് നടന്നുപോകാവുന്ന ദൂരം. വൃത്തിയുള്ളയിടം, ശാന്തം. അതുകൊണ്ടുതന്നെ ഏറ്റവും ഡിമാൻഡാണ്. സഭയ്ക്കുവേണ്ടി സ്ഥാപനം നയിക്കുന്നത് ചലച്ചിത്രാസ്വാദകൻ കൂടിയായ ഗോവൻ സ്വദേശി വില്യമാണ്. രാത്രിയാകുമ്പോൾ ചൂടുപിടിച്ച ചർച്ചകളുമായി സൗഹൃദ സദസുകൾ മുറികളിൽ സജീവമാകും. തൃശൂരിൽ നിന്നുള്ള ചലച്ചിത്രകാരൻ മണിലാലിന്റെ പാട്ടുകൾ ചിലപ്പോൾ ഉച്ചസ്ഥായിയിലേക്ക് ഉയരും. അവിടെ നിറസാന്നിദ്ധ്യമായിരുന്നു അടുപ്പമുള്ളവരെല്ലാം മോഹനേട്ടനെന്ന് വിളിച്ചിരുന്ന കെ.ആർ.മോഹനൻ. മോഹനേട്ടനും പോയി.
ബി.എസ്.എൻ.എൽ ശശികുമാർ, സൂര്യയിലെ പ്രസന്നകുമാർ, സി.എസ്.വെങ്കിടേശ്വരൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ വി.കെ.ജോസഫ്, ഷാജി ഇഷാരയും പ്രമുഖ സാഹിത്യകാരൻ സി.വി.ബാലകൃഷ്ണനും, ദീദിയും പ്രേംചന്ദും മകൾ മുക്തയും മനീഷ് നാരായണനും പത്നിയും, ഡോ.ഗോപിനാഥും കുടുംബവും... ഒരിടത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ പ്രദീപ് നായരും നിസാമും. വ്യത്യസ്ത ഗ്രൂപ്പുകൾ... പണ്ട് തിരുവനന്തപുരത്തു നിന്ന് പതിവായി നേത്രാവതി എക്സ്പ്രസിൽ കയറി കർമ്മാലിയിൽ ഇറങ്ങുന്ന സംഘത്തിലെ അംഗമായിരുന്ന ഒരാൾ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച തിരക്കഥാകൃത്തായി മാറിയിരിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ പ്രേക്ഷക മനം കവർന്ന സജീവ് പാഴൂർ.
തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇഫിക്ക് മുടങ്ങാതെ വരുന്ന ഒരു സംഘമുണ്ട്. ചലച്ചിത്ര നിർമ്മാതാവായ എം.ഡി.മോഹൻദാസ്, ഫിലിം സൊസൈറ്റി മൂവ്മെന്റിന്റെ ഭാഗമായിരുന്ന സി.ആർ.രാജശേഖരൻ പിള്ള, നാരായണൻ, സണ്ണി, ഡാർവിൻ, റാണാപ്രതാപൻ, എം.പി.സുകുമാരൻനായർ അങ്ങനെ പലരും. തിരുവനന്തപുരത്തു നിന്ന് പതിവായി വരുന്ന ഈ സംഘത്തിന്റെ യാത്ര തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടാകുന്നു. നേരത്തെ സൂചിപ്പിച്ച ജോർജ് മാത്യുവാണ് ഈ ഗ്രൂപ്പിന്റെ ലീഡർ. ഗോവ വിട്ട് നാട്ടിലെത്തിയാലും ഈ സംഘം മാസത്തിലൊരിക്കൽ ഒത്തുചേരും. ഈ ഗ്രൂപ്പിന്റെ ശരാശരി പ്രായം 75 നു മുകളിലാണ്. അമ്പതിലെത്തിയ ഒരു പത്രപ്രവർത്തകനാണ് സംഘത്തിലെ ബേബി. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ ആരംഭിക്കുമ്പോൾ ഈ സംഘം കൈരളിക്കരികിൽ പ്രമുഖ ലോഡ്ജിൽ ഒരു മുറി വാടകയ്ക്കെടുക്കും. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്ന അവരുടെ സുഹൃത്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും അവിടെ പ്രവേശനമുണ്ടായിരിക്കും. കൗണ്ടറിൽ കീയും ഉണ്ടായിരിക്കും.
ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ മിക്കവാറും എല്ലാ മേളകളിലെയും സാന്നിദ്ധ്യമായിരുന്നു. കാണുമ്പോൾ ഒരു മന്ദസ്മിതം. വർത്തമാനം പറഞ്ഞിട്ടേയില്ലെന്ന് ഇപ്പോൾ ആലോചിച്ചു പോകുന്നു. കഴിഞ്ഞതവണ ഓള് കണ്ടശേഷമാണ് ആദ്യമായി വർത്തമാനം പറഞ്ഞത്. അന്ന് മകൻ യദുവും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും ചേർത്ത് നിറുത്തി മൊബൈലിൽ എടുത്ത ചിത്രം ഇപ്പോഴും ഫോണിലുണ്ട്. രാധാകൃഷ്ണൻ ഇക്കുറി ഒരു ഓർമ്മച്ചിത്രമായെന്ന് ഇനിയും വിശ്വസിക്കാൻ പ്രയാസം. രാധാകൃഷ്ണന് മേള ആദരമർപ്പിക്കും. അദ്ദേഹം ഛായ പകർന്ന ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ പ്രദർശിപ്പിക്കും.
ജല്ലിക്കട്ടിൽ ഇന്ത്യൻ പ്രതീക്ഷ
ഇക്കുറി ക്ളാസിക്ക് മുതൽ കാനിൽ പുരസ്കാരം നേടിയ ചിത്രങ്ങളും ഓസ്കാർ അവാർഡ് ലഭിച്ച ചിത്രങ്ങളുമടക്കം 200 സിനിമകളുടെ വിരുന്നാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബാറ്റിൽ ഷിപ്പ് പൊട്ടെംകിനും പണ്ടോരാ ബോക്സും ഹിച്ച്കോക്കിന്റെ ബ്ളാക്ക് മെയിലും ഒക്കെ കാണാം.സിനിമയിൽ അമ്പത് വർഷം പിന്നിടുന്ന അമിതാഭ് ബച്ചന്റെ ഏഴ് ചിത്രങ്ങൾ. ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ടി.കെ.രാജീവ്കുമാറിന്റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, മനു അശോകന്റെ ഉയരെ എന്ന ചിത്രങ്ങൾ ഉൾപ്പെടുന്നു. ജല്ലിക്കട്ട് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുമുണ്ട്.
മലയാളിയായ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മറാത്തി ചിത്രം മായ്ഘട്ട് ക്രൈം നമ്പർ 103|2006 ആണ് മത്സര വിഭാഗത്തിലുള്ള മറ്റൊരു ഇന്ത്യൻ ചിത്രം. ഈ മ യൗവിലൂടെ കഴിഞ്ഞതവണ പുരസ്കാരം നേടിയ ലിജോ ജല്ലിക്കട്ടിലൂടെ വീണ്ടും പ്രതീക്ഷയുണർത്തുന്നുണ്ട്. ജല്ലിക്കട്ട് ടൊറന്റോ ചലച്ചിത്ര മേളയെ ഇളക്കി മറിച്ചിരുന്നു. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിന്റെ മുൻ പ്രസിഡന്റും പ്രശസ്ത ഛായാഗ്രാഹകനുമായ ജോൺ ബെയ്ലിയാണ് അന്താരാഷ്ട്ര മത്സര ജൂറിയെ നയിക്കുന്നത്. വിഖ്യാത യൂറോപ്യൻ സംവിധായകൻ ഗോരാൻ പസ്കാജെവിക് സംവിധാനം ചെയ്ത ' ഡെസ്പൈറ്റ് ദ ഫോഗ് " ഉദ്ഘാടന ചിത്രമാകും. യൂറോപ്യൻ തെരുവുകളിൽ അലഞ്ഞു തിരിയുന്ന അഭയാർത്ഥിക്കുഞ്ഞുങ്ങളുടെ ജീവിതവും പോരാട്ടവുമാണ് ഈ ഇറ്റാലിയൻ ചിത്രത്തിന്റെ ഇതിവൃത്തം.
മൊഹ്സിൻ മക്മൽ ബഫിന്റെ ഏറ്റവും പുതിയ ചിത്രമായ മാഗി ആൻഡ് ഹെർ മദറാണ് മേളയിലെ സമാപന ചിത്രം. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗോവ മുൻ മുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കറിനെക്കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.
സുവർണ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ 'ഇഫി ഗോൾഡൻ ജൂബിലി ഐക്കൺ" അവാർഡ് ചലച്ചിത്ര നടൻ രജനികാന്തിന് സമ്മാനിക്കും. ഇഫിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര നടി ഇസബെല്ലാ ഊപ്പർട്ടിനാണ്. ഇസബെല്ലയടക്കം പ്രശസ്തരായ ചലച്ചിത്ര പ്രതിഭകളുടെ സാന്നിദ്ധ്യം മേളയ്ക്ക് കൂടുതൽ പകിട്ടേകും. നവതരംഗ സിനിമാപാക്കേജിൽ അടൂരിന്റെ സ്വയംവരം, അരവിന്ദന്റെ ഉത്തരായനം, തമ്പ്, ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുത എന്നിവ ഉൾപ്പെടുന്നു.