രാമചന്ദ്രൻ പോറ്റിയെക്കുറിച്ച് സുഹൃത്ത് കാണുമ്പോഴൊക്കെ പറയാറുണ്ട്. ഒരു പൂജാരി,അതിലപ്പുറം എന്തു വർണ്ണിക്കാൻ. പലരും സമയദോഷം, ജാതകദോഷം, ചൊവ്വാദോഷം എന്നൊക്കെ പറഞ്ഞുചെല്ലുമ്പോൾ സാധാരണ പുരോഹിതന്മാർ പരിഹാരപൂജ നിർദ്ദേശിക്കും. പഠിച്ചുവച്ച മന്ത്രങ്ങൾക്കും സ്തോത്രങ്ങൾക്കുമപ്പുറം വേദങ്ങളുടെ ആഴത്തിലേക്കിറങ്ങി ചെല്ലുന്ന എത്ര പൂജാരിമാരുണ്ട് എന്നൊക്കെ ചോദിക്കുമ്പോൾ സുഹൃത്ത് നിശബ്ദനാകും.
കഴിഞ്ഞയാഴ്ച സുഹൃത്ത് ഒരു ശത്രുസംഹാരപൂജയുടെ കാര്യം പറയാൻ തുടങ്ങി. പറഞ്ഞുവന്നപ്പോൾ സംഭവം രാമചന്ദ്രൻ പോറ്റിയുമായി ബന്ധപ്പെട്ടത്. സംഭവം മുഴുവൻ കേട്ടാലേ പോറ്റിയുടെ പാണ്ഡിത്യം മനസിലാകൂ. അദ്ദേഹം പുരോഗമന ചിന്തയുള്ള ആളാണ്. പൈസയ്ക്കു വേണ്ടിയല്ല ഒന്നും ചെയ്യുന്നത് എന്ന് സുഹൃത്ത് പറഞ്ഞതുകൊണ്ട് പോറ്റിയുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധയോടെ കേട്ടു.
സുഹൃത്താണ് ശത്രുസംഹാരപൂജയ്ക്കായി രാമചന്ദ്രൻ പോറ്റിയെ സമീപിക്കുന്നത്. തനിക്ക് എല്ലായിടത്തും ശത്രുക്കളാണെന്ന ചിന്തയും സംശയവും പണ്ടേ സുഹൃത്തിനുണ്ട്. സർക്കാർ ജീവനക്കാരനാണ്. ഭാര്യയും രണ്ടുമക്കളും. വലിയൊരു സൗഹൃദവലയവും. സുഹൃത്തുക്കളിൽ ചിലർ തന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയം. അല്പം സാമ്പത്തികക്ലേശം കൂടി വന്നതോടെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച ചില ബന്ധുക്കളും സുഹൃത്തുക്കളും എന്തോ ദുഷ്ക്രിയകൾ ചെയ്യുന്നുണ്ടോ എന്ന് ആധി. രസികനായ ഒരു വിശ്വാസി ഒരു ഉപദേശം നൽകി. ശിവക്ഷേത്രത്തിൽ രണ്ടാഴ്ച ശത്രുസംഹാര പൂജ നടത്തിയാൽ ഏതു ശത്രുവും പത്തിതാഴ്ത്തും. കേട്ടപാടേ രാമചന്ദ്രൻ പോറ്റിയെ സമീപിച്ചു. കാര്യങ്ങൾ തുറന്നുപറഞ്ഞു. അടുത്തദിവസം പത്ത് കൂവളത്തിലയുമായി ക്ഷേത്രത്തിൽ വരാൻ പോറ്റിയുടെ നിർദ്ദേശം.
കൃത്യമായി സുഹൃത്ത് ക്ഷേത്രത്തിലെത്തി കൂവളത്തില സമർപ്പിച്ചു. പൂജകഴിഞ്ഞ് തീർത്ഥവും പ്രസാദവും നൽകിയിട്ട് പോറ്റി ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. കൂവളപത്രങ്ങൾ ഭഗവാന് സമർപ്പിച്ചു. ഇനി ചെയ്യേണ്ടത് ചെലവില്ലാത്ത ഒരു പൂജയാണ്. എല്ലാ ശത്രുതകളും സംഹരിക്കപ്പെടുന്ന ഒരു പൂജ. പൂജാസാമഗ്രികളൊക്കെ നിങ്ങളുടെ പക്കൽ തന്നെയുണ്ട്. അത് യഥാസമയം ഉപയോഗിച്ചാൽ മതി. ശത്രുസ്ഥാനത്തു കാണുന്ന വ്യക്തികളോട് മനസ് തുറന്ന് ചെറുപുഞ്ചിരിയോടെ സംസാരിക്കുക. ഒരു മുൻവിധിയുമില്ലാതെ പെരുമാറുക. ശത്രുവെന്നും മിത്രമെന്നും പട്ടികയുണ്ടാക്കുന്നത് മനസാണ്. റോസയിൽ മുള്ളിനെ മാത്രം കണ്ടാൽ എങ്ങനെ അതിന്റെ പനിനീർ മണം അനുഭവിക്കും. ശത്രുക്കളെ കൂടുതൽ പ്രതിഷ്ഠിച്ചാൽ ഉള്ള മിത്രങ്ങൾ കൂടി ഇല്ലാതാകും. രണ്ടാഴ്ച പരീക്ഷിച്ചിട്ടു വരിക. പരിഹാരമായില്ലെങ്കിൽ ശത്രുസംഹാരപൂജ തന്നെ നടത്തിക്കളയാം.
രാമചന്ദ്രൻ പോറ്റിയുടെ വാക്കുകൾ സുഹൃത്ത് ശിരസാവഹിച്ചു. ഒരാഴ്ച കഴിഞ്ഞ് ക്ഷേത്രത്തിലെത്തി ഒരു കെട്ട് കൂവളപത്രവുമായി. രാമചന്ദ്രൻ പോറ്റിയോട് സുഹൃത്ത് പറഞ്ഞത്രേ: എല്ലാ ശത്രുതകളും സംഹരിക്കാനുള്ള മരുന്നും മന്ത്രവും ദൈവം നമുക്ക് തന്നിട്ടുണ്ട്. അതു തിരിച്ചറിയുന്നില്ലെന്ന് മാത്രം. സർവചരാചരങ്ങളെയും നോക്കി പുഞ്ചിരിക്കുന്ന സൂര്യനെ സാക്ഷിയാക്കി സുഹൃത്ത് ചെറുതായി ചിരിച്ചപ്പോൾ രാമചന്ദ്രൻ പോറ്റി പൊട്ടിച്ചിരിച്ചു.
(ഫോൺ : 9946108220)