ഞാൻ എന്ന ഭിക്ഷാംദേഹി
അലയുന്നു സ്വസ്ഥതയ്ക്കായി
പിന്തുടരുന്നു ചിലർ
ഓടി മറഞ്ഞിട്ടും വിടുന്നില്ല
മുറുകെപ്പിടിക്കുന്നു, വരിഞ്ഞ് മുറുക്കുന്നു
കുതറി മാറിയിട്ടും വാരിപ്പുണരുന്നു ചുംബിക്കുന്നു വേദനിപ്പിക്കുന്നു
മൽപ്പിടുത്തത്തിൽ ചോര പൊടിയുന്നു
എന്തേ എനിക്ക് ഏകാന്തത നിഷേധിക്കുന്നു
ലഹരി വേണ്ട പണം വേണ്ട പെണ്ണ് വേണ്ട
ഒറ്റയ്ക്കിരുന്നാൽ മാത്രം മതി എനിക്ക്
ആൾക്കൂട്ടത്തെ ഇന്ന് ഭയമാണെനിക്ക്
വെളിച്ചം കണ്ണ് ചിമ്മിക്കുന്നു
ഇരുട്ട് മതി ആരും കൂടെ വേണ്ട
ക്ഷണികമാം ലോകത്തിൽ ആനന്ദ നിർവൃതിക്കായി നെട്ടോട്ടമോടുന്നവർ
എന്നെ വെറുതെ വിടാമോ
ഒരല്പം ഏകാന്തത മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ മറ്റൊന്നും എനിക്ക് വേണ്ട
ഇരുട്ടത്ത് ഒരല്പ നേരം ഞാൻ വെറുതെയിരുന്നോട്ടേ