sabarimala

പമ്പ: മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല നട തുറന്നതോടെ സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന് പുറമേ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ തവണത്തെ സംഘർഷ മേഘങ്ങളെല്ലാമൊഴിഞ്ഞ് ഈ‌ വർഷത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് പ്രശാന്തമായ തുടക്കത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് യോഗ നിദ്രയയിലായിരുന്ന ശബരീശന് മുന്നിൽ വിളക്ക് തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു.

തന്ത്രി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി തെളിച്ച ശേഷം പുതിയ സന്നിധാനം മേൽശാന്തിയെ സ്വീകരിച്ച് പതിനെട്ടാം പടി കയറി. തുടർന്ന് ഇരുമുടിക്കെട്ടേന്തിയ ഭക്തരെ കയറ്റി.ഭക്തർക്ക് തന്ത്രി വിഭൂതി പ്രസാദം നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്.രവി, എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ എം.ഹർഷൻ, പൊലീസ് കൺട്രോളർ രാഹുൽ ആർ.നായർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ് തുടങ്ങിയവർ നട തുറന്നപ്പോൾ ദർശനത്തിനെത്തിയിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്.