തിരുവനന്തപുരം: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ചുമത്തുന്ന എസ്.ബി.ഐയുടെ നടപടിക്കെതിരെ നേരത്തെ രൂക്ഷവിമർശനമുയർന്നിരുന്നു. ആയിരം മുതൽ മൂവായിരം രൂപവരെയാണ് മിനിമം ബാലൻസായി അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്ഷേമ പെൻഷനിൽ നിന്ന് വരെ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കിയിരുന്നു, ബാങ്കിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ നമ്മളെല്ലാം ഇക്കാര്യം മറന്നു. നമ്മൾ മറന്നെന്ന് കരുതി എസ്.ബി.ഐ പിഴ ചുമത്തുന്നത് അവസാനിപ്പിച്ചെന്ന് തെറ്റിദ്ധരിക്കരുത്.
ഇന്ത്യയിലെ പ്രദേശങ്ങളെ മെട്രോ അർബൻ,സെമി അർബൻ,റൂറൽ എന്നിങ്ങനെ തരംതിരിച്ചാണ് എത്ര രൂപയാണ് പിഴ എന്ന് തീരുമാനിക്കുന്നത്. സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 1000 മുതൽ 3000 രൂപവരെ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കണം.എല്ലാ മാസവും അക്കൗണ്ടിലെ ശരാശരി നിക്ഷേപം പരിശോധിക്കും. ഈ സമയത്ത് മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയും അതിന്റെ ജി.എസ്.ടിയും ചുമത്തും.
3000 രൂപയാണ് മെട്രോ അർബൻ മേഖലകളിലെ ബാങ്കുകളിലെ മിനിമം ബാലൻസ്. 1500- 3000 രുപയാണ് ഈ അക്കൗണ്ടിലെ ശരാശരി ബാലൻസെങ്കിൽ 10 രൂപയും അതിന് ആനുപാതികമായ നികുതിയും നൽകണം. 750- 1500നും ഇടയിലാണെങ്കിൽ 12രൂപയും ജിഎസ്ടിയും,750 ന് താഴെയാണെങ്കിൽ 15 രൂപയും നികുതിയും നൽകണം.
2000രൂപയാണ് നഗര മേഖലകളിലെ മിനിമം ബാലൻസ്. 1000- 2000 രൂപയാണ് ശരാശരി ബാലൻസെങ്കിൽ 7.50 രൂപയും ജി.എസ്.ടിയും നൽകണം. 500 -100 രൂപയാണെങ്കിൽ 10രൂപയും ജി.എസ്.ടിയും. 500രൂപയിൽ താഴെയാണെങ്കിൽ 12രൂപയും നികുതിയും നൽകണം.
ഗ്രാമീണ മേഖലകളിലേക്ക് വരുമ്പോൾ ആയിരം രൂപയാണ് മിനിമം ബാലൻസ്. ശരാശരി ബാലൻസ് 500 രൂപയിൽ താഴെയാണെങ്കിൽ അഞ്ച് രൂപയും ജി.എസ്.ടിയും. 250- 500 രൂപയാണെങ്കിൽ 7.50 രൂപയും ജി.എസ്.ടിയും. 250ൽ താഴെയാണെങ്കിൽ പത്ത് രൂപയും ജിഎസ്ടിയും നൽകണം. അതേസമയം സീറോ ബാലൻസ് അക്കൗണ്ടുകളിൽ മിനിമം ബാലസ് എന്ന നിബന്ധന ഇല്ല.