ആകാശത്ത് ഇന്ന് ഉൽക്കകളുടെ ഘോഷയാത്രയാണ്. 'ലിയോനിഡ് മീറ്റിയോർ ഷവേഴ്സ്' എന്നറിയപ്പെടുന്ന ഈ ഉൾക്കാമഴ ആകാശത്ത് പ്രത്യക്ഷപ്പെടുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഇന്ന് അർദ്ധരാത്രിയാണ് ഈ ഉൾക്കാവർഷം ആകാശത്ത് കാണാനാകുക. നവംബർ ആറ് മുതൽ 30 വരെ ഈ ഉൽക്കകളെ ആകാശത്ത് കാണാൻ സാധിക്കുമെങ്കിലും ഇവ ഏറ്റവും കൂടുതലായി പ്രത്യക്ഷപ്പെടുക നവംബർ 18നാണ്. എന്നാൽ പ്രകാശമലിനീകരണം കാരണം ഇവയെ കാണാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് വാനനിരീക്ഷകരും ശാസ്ത്രജ്ഞരും പറയുന്നത്. അതുകൊണ്ട് പ്രകാശം കൊണ്ട് നിറഞ്ഞ നഗരപ്രദേശങ്ങളിൽ ഇവയെ കാണാൻ താരതമ്യേന ബുദ്ധിമുട്ടായിരിക്കും.
അതിനാൽ നഗരത്തിൽ നിന്നും മാറി അധികം പ്രകാശമില്ലാത്ത സ്ഥലത്ത് ചെന്ന് വേണം ഇവയെ വീക്ഷിക്കാൻ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ഈ ഉൾക്കാവർഷം നമുക്കായി പ്രത്യക്ഷപ്പെടുക. ഇന്ത്യയും കേരളവും ഉൾപ്പെട്ട ഉത്തരാർദ്ധ ഗോളത്തിലാണ്(നോർത്തേൺ ഹെമിസ്ഫീയർ) ഇവ വരിക. സൂര്യോദയം കഴിഞ്ഞും ഇവ ആകാശത്തുണ്ടാകുമെങ്കിലും ഉൽക്കകളെ വ്യക്തമായി കാണാൻ രാത്രിസമയമാണ് ഉത്തമം. എന്നാൽ ഈ കാഴ്ചയ്ക്ക് ചന്ദ്രനും ചിലപ്പോൾ തടസ്സമായേക്കാം. നവംബർ 12നായിരുന്നു പൂർണചന്ദ്രൻ. ഇക്കാരണം കൊണ്ട് ചന്ദ്രന്റെ പ്രകാശം ഉൽക്കകൾക്ക് മങ്ങൽ വരുത്താം. മേഘങ്ങളും കാഴ്ചയ്ക്ക് വിഖാതം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
എങ്കിലും ദൂരദർശിനികളോ മറ്റ് വാനനിരീക്ഷണ ഉപകരണങ്ങളോ ഇല്ലാതെ തന്നെ ലിയോനിഡ് ഉൽക്കകൾ കാണാൻ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. സൂര്യനെ വലം വയ്ക്കുന്ന ടെമ്പൽ-ടറ്റിൽ എന്ന ചെറുഗ്രഹത്തിന്റെ ഭ്രമണപഥത്തിലൂടെ(ആസ്റ്ററോയ്ഡ്) ഭൂമി കടന്നുപോകുമ്പോഴാണ് ലിയോനിഡ് ഉൾക്കാമഴ സംഭവിക്കുക. ഈ ചെറുഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ ഉള്ള ചെറു പാറക്കഷണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിനെയാണ് ലിയോനിഡ് ഉൽക്കാമഴ എന്ന് വിളിക്കുന്നത്. എല്ലാ വർഷവും ഇത് ഉണ്ടാകാറുണ്ടെങ്കിൽ വളരെ പ്രത്യക്ഷമായി ഇവയെ കാണാൻ സാധിക്കുക അപൂർവമായാണ്.