watching-videos-

ടെലകോം കമ്പനികൾ ഇന്റർനെറ്റ് നിരക്കുകൾ ഉദാരമാക്കിയതോടെ അശ്ളീല സൈറ്റുകളിലെ സന്ദർശകരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. രഹസ്യമായി ഇത്തരം സൈറ്റുകൾ സന്ദർശിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ നടക്കുന്ന പകൽമാന്യൻമാർ ശ്രദ്ധിക്കുക. ഇത്തരം വീഡിയോകൾ കാണുന്ന കാഴ്ചക്കാരന്റെ ചേഷ്ടകൾ ഹാക്കർമാർ ഒപ്പിയെടുക്കുന്നതായിട്ടാണ് ടെക് ലോകത്തിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോ സന്ദർശിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിലെ തന്നെ ക്യാമറയിലൂടെയാണ് കാഴ്ചക്കാരുടെ ദൃശ്യങ്ങൾ ഹാക്കർമാർ കൈക്കലാക്കുന്നത്.

കംപ്യൂട്ടർ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്റാണ് ഹാക്കർമാരുടെ ഇത്തരം പ്രവർത്തികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന PsiXBot സോഫ്റ്റ്‌വെയറാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. അശ്ളീല വീഡിയോകൾ കാണുന്നയാളുടെ ചേഷ്ടകൾ പകർത്തിയശേഷം പിന്നാലെ
ഹാക്കർമാർ സന്ദേശങ്ങൾ അയച്ചു തുടങ്ങും. അവർ പറയുന്ന അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തില്ലെങ്കിൽ വീഡിയോയും സെർച്ച് ഹിസ്റ്ററിയടക്കമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നാവും ഭീഷണി. പലപ്പോഴും ഇടപാടുകൾ ബിറ്റ്‌കോയിനിൽ നടത്തുവാനും ആവശ്യപ്പെടും. നാണക്കേട് ഭയന്ന് പലപ്പോഴും ഇത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കുന്നവർ പിന്നീടും ബ്ളാക്കമെയിലിംഗിന് വിധേയരാവും. അതിനാൽ ഇത്തരം ഹാക്കർമാരുടെ ആവശ്യങ്ങൾ ആദ്യമേ നിരസിക്കണമെന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. വേണ്ടത്ര മുൻകരുതലുകളില്ലാതെ പാട്ടുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാൽവെയറുകൾ കമ്പ്യൂട്ടറുകളിൽ കടന്നുകൂടുന്നത്.