കോഴിക്കോട് : കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായ മുതിർന്ന നേതാവിനെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. കോഴിക്കോട് പയ്യോളി സി.പി.എം ഏര്യാകമ്മറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് വീട്ടമ്മയ്ക്ക് അശ്ളീല വീഡിയോകൾ നിരന്തരം അയച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച് പാർട്ടിയിൽ പരാതിപ്പെട്ടത്. പരാതി ലഭിച്ചതോടെ സുരേഷ് ബാബുവിനെ പാർട്ടി വിലക്കിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ വീണ്ടും ഇയാൾ വീട്ടമ്മയ്ക്ക് വീഡിയോകളും ചിത്രങ്ങളും അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീട്ടമ്മ ഏരിയ കമ്മിറ്റിക്ക് പരാതി നൽകിയത്. പരാതി ലഭിച്ചതോടെ ഏര്യാ കമ്മിറ്റിവനിത ഉൾപ്പെടെ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു.
മൂന്നംഗ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ വീട്ടമ്മയുടെ പരാതി സത്യമാണെന്ന് തെളിയുകയും സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഏര്യാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെ സുരേഷിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പാർട്ടിയിലെ തലമുതിർന്ന നേതാവായ സുരേഷ് ബാബുവിന്റെ പ്രവർത്തിയിൽ അണികൾ ഞെട്ടിയിരിക്കുകയാണ്.