gotabaya-rajapakse

കൊളംബോ: ശ്രീലങ്കയുടെ മുൻ യുദ്ധകാല പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്‌സെ രാജ്യത്തിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കൻ സേനയിൽ മുൻ ലഫ്റ്റനന്റ് കേണലായി പ്രവർത്തിച്ചിട്ടുള്ള 50 ശതമാനത്തിൽ കൂടുതൽ വോട്ട് ശതമാനത്തോടെയാണ് അധികാരത്തിലേറുന്നത്. 30 ലക്ഷം ബാലറ്റുകൾ എണ്ണിയപ്പോൾ 48.2 ശതമാനത്തോളം വോട്ടുകൾ മാത്രമേ ഗോതബയ രാജപക്‌സെയ്ക്ക് ആദ്യം ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഗോതബയയുടെ പ്രധാന അനുകൂലികളായ സിംഹള ജനതയ്ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ വോട്ടുകൾ കൂടി എണ്ണിയപ്പോൾ അദ്ദേഹത്തിന്റെ വോട്ട് ശതമാനം ഉയരുകയായിരുന്നു. നാളെയോ മറ്റന്നാളോ ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയെന്ന് രാജപക്‌സെയുടെ വക്താവായ റംബുക്ക്‌വെല്ല പറഞ്ഞു. തങ്ങൾ ഈ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും വിജയത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും റംബുക്ക്‌വെല്ല കൂട്ടിച്ചേർത്തു.

ഗോട്ടബായയുടെ പ്രധാന എതിരാളിയായിരുന്ന സജിത് പ്രേമദാസയ്ക്ക് 45.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സജിത്തിന്‌ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെങ്കിലും സിംഹള ജനതയ്ക്ക് മേൽ സ്വാധീനം ചെലുത്താൻ സാധിക്കാതിരുന്നതാണ് സജിതിന്‌ തിരിച്ചടിയായത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്. തീവ്രവാദത്തിനെതിരെയും സുരക്ഷ വാഗ്‌ദാനം ചെയ്തുകൊണ്ടുമുള്ള പ്രചാരണമാണ് ഗോതബയ രാജപക്‌സെ നടത്തിയത്. ഭൂരിപക്ഷം ജനങ്ങളും ബുദ്ധമതം പിന്തുടരുന്ന രാജ്യമായ ശ്രീലങ്കയിൽ മതമൗലികവാദം അടിച്ചമർത്തുമെന്നും ഗോതബയ പറഞ്ഞിരുന്നു. ഏപ്രിൽ 21, 2019ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിലുള്ള ആഡംബര ഹോട്ടലുകളിൽ ഭീകരവാദികൾ നടത്തിയ ബോംബാക്രമത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. സ്‌ഫോടനത്തിൽ നാൽപ്പത്തഞ്ചോളം വിദേശികൾ കൊല്ലപ്പെട്ടിരുന്നു. മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുടെ സഹോദരനാണ് ഗോതബയ.