വീട്ടിൽ സ്വർണം വച്ചിട്ട് നാട്ടിൽ കാശിനായി തേടേണ്ടതുണ്ടോ എന്ന സ്വർണപണയ സ്ഥാപനത്തിന്റെ പരസ്യം പോലെയാണ് സ്വർണത്തിൽ നിക്ഷേപിക്കാൻ ജനം താത്പര്യപ്പെടുന്നത്. സ്വർണത്തെ ആഭരണത്തിന് അപ്പുറമായി നിക്ഷേപമായി കാണുവാനാണ് ജനം താത്പര്യപ്പെടുന്നത്. ലോകവ്യാപകമായി വിപണികളിലെ ചാഞ്ചാട്ടവും, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിലനിൽക്കുന്ന മാന്ദ്യവുമെല്ലാം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് സ്വർണത്തിന്റെ വില വർദ്ധനവ് 21 ശതമാനമാണെന്ന് ഓർക്കണം. ഇതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മഞ്ഞലോഹത്തിൽ നിന്നും കണ്ണെടുക്കാതിരിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്.
ലാഭ നഷ്ടകണക്കുകളുടെ കണക്കുകൾ സസൂക്ഷ്മം വിലയിരുത്താനറിയാത്ത സാധാരണക്കാരൻ അധികമായി കൈവശം കൂട്ടിവയ്ക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റായി സൂക്ഷിക്കുകയോ സ്വർണാഭരണങ്ങൾ വാങ്ങി സൂക്ഷിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അടുത്തിടെയായി രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പുതുതലമുറ മ്യൂച്ചൽ ഫണ്ടുകളിൽ റിസ്‌കെടുക്കുമ്പോൾ അധ്വാനിച്ചുണ്ടാക്കിയ പണത്തെ ഭാഗ്യപരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മടികാട്ടുന്നവരാണ് കൂടുതൽ പേരും. ഈ അവസ്ഥയിലാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ ബോണ്ടുകളെ കുറിച്ച് അറിയേണ്ടത്.
എന്താണ് സ്വർണ ബോണ്ട് ?
വിപണിയിലെ സ്വർണവിലയ്ക്ക് സ്വന്തമാക്കുവാനാവുന്ന കടലാസ് സ്വർണമാണ് സ്വർണബോണ്ട്. അന്നന്നുള്ള സ്വർണവിലയ്ക്കുള്ള ബോണ്ടു വാങ്ങി സൂക്ഷിച്ചാൽ പണം ആവശ്യമുള്ളപ്പോൾ വിൽക്കുന്ന ദിവസത്തെ സ്വർണ വിലയുടെ നിരക്കിൽ സ്വർണബോണ്ടും വിൽപ്പന നടത്താം. ഇനി പണം ഉടനെ ആവശ്യമില്ലെങ്കിൽ ദീർഘ കാലത്തേയ്ക്ക് സ്വർണ ബോണ്ടുകൾ നമുക്ക് സൂക്ഷിക്കാനാവും, ഇങ്ങനെ ചെയ്താൽ വർഷാവർഷം സ്വർണ ബോണ്ട് വാങ്ങാനായി മുടക്കുന്ന തുകയുടെ 2.5 ശതമാനം പലിശയും ലഭിക്കും. ഒരാൾക്ക് കുറഞ്ഞത് ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്കുള്ള ബോണ്ടുമുതൽ നാലു കിലോ സ്വർണത്തിന്റെ മൂല്യമുള്ള ബോണ്ടുവരെ വാങ്ങാനാവും.
സ്വർണ ബോണ്ടിന് എന്താണ് ഗ്യാരണ്ടി ?
സ്വർണ ബോണ്ടിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഇതൊരു തട്ടിപ്പാണ് എന്ന് തോന്നുന്നുണ്ടോ. എന്നാൽ നമ്മുടെ കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് സ്വർണ ബോണ്ട് പുറത്തിറക്കുന്നതെന്ന് അറിയണം. എട്ടുവർഷത്തെ കാലാവധിയിൽ പുറത്തിറക്കുന്ന ബോണ്ട് 5 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും നമുക്ക് വിറ്റ് കാശാക്കി മാറ്റുവാൻ കഴിയും. വിപണി വഴി എപ്പോൾ വേണമെങ്കിലും വിൽക്കാനാവും, മൂന്നു വർഷം കഴിഞ്ഞ് വിറ്റു കിട്ടുന്ന ലാഭത്തിന് ആദായ നികുതിയും അടയ്‌ക്കേണ്ട ആവശ്യമില്ല. ഇതു കൂടാതെ സ്വർണം ബാങ്കുകളിൽ പണയം വയ്ക്കുന്നതു പോലെ ഈ ബോണ്ടുകളും പണയം വയ്ച്ച് ആവശ്യത്തിന് പണം നേടാനുമാവും.
എവിടെ ലഭിക്കും ഈ ബോണ്ടുകൾ ?
സ്വർണാഭരണം വാങ്ങുവാൻ ജ്വല്ലറിയിൽ പോകണമെങ്കിൽ ബാങ്ക്,പോസ്‌റ്റോഫീസ് ,ഓഹരി ബ്രോക്കിംഗ് സ്ഥാപനങ്ങളിലൂടെയാണ് സ്വർണ ബോണ്ടുകൾ വാങ്ങാനാവുന്നത്. സ്വർണബോണ്ടിനായി അപേക്ഷിക്കേണ്ട തീയതികൾ റിസർവ് ബാങ്ക് അറിയിക്കും.
സ്വർണബോണ്ടുകളിലൂടെ സ്വർണത്തിൽ നിക്ഷേപിക്കുന്നവരെ ആകർഷിക്കുവാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. സ്വർണം ഇറക്കുമതിയിലൂടെ രാജ്യത്തെ പണം വിദേശത്തേയ്ക്ക് പോകുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. സ്വർണ ബോണ്ട് കള്ളനെ ഭയക്കാതെ വീട്ടിൽ സൂക്ഷിക്കുന്ന സ്വർണം തന്നെയാണ്. സ്വർണ ബോണ്ട് വീട്ടിൽ വച്ചിട്ടെന്തിന് നാട്ടിൽ കാശു തേടി നടപ്പൂ എന്ന് മാറ്റിയെഴുതേണ്ട കാലത്താണ് നാം ജീവിക്കുന്നത്.