മണ്ട്രോത്തുരുത്ത് എന്ന മനോഹരമായ കുഞ്ഞുസിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ജെയ്സൺ ചാക്കോ. സിനിമയെ പോലെത്തന്നെ താരം സ്നേഹിക്കുന്ന മറ്റൊരു കാര്യമുണ്ട്, അത് മറ്റൊന്നുമല്ല യാത്രയാണ്. ഒഴിവ് സമയങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കുന്ന നടന് വാഹനങ്ങളിലും ക്രേസ് ഉണ്ട്. തന്റെ ഇഷ്ടവാഹനത്തെക്കുറിച്ചും മറക്കാൻ പറ്റൊത്തൊരു യാത്രയെക്കുറിച്ചും കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ജെയ്സൺ.

'ലക്ഷ്വറി കാർ വേണമെന്നൊന്നും ചിന്തിക്കുന്ന ആളല്ല ഞാൻ. നമ്മളുടെ ആവശ്യങ്ങളൊക്കെ നടക്കണം. എന്നാലും ഈ ക്യൂട്ട്നസൊക്കെ വച്ച് നോക്കുമ്പോൾ മിനികൂപ്പർ എടുത്താൽ കൊള്ളമെന്നുണ്ട്. അവസരമുണ്ടെങ്കിൽ മിനികൂപ്പർ എടുക്കണമെന്ന് ആഗ്രഹിക്കുന്നു'-ജെയ്സൺ പറഞ്ഞു.
ഒരു യാത്രയ്ക്കിടെ ഉണ്ടായ മറക്കാൻ പറ്റത്ത ഒരു അനുഭവത്തെക്കുറിച്ചും ജെയ്സൺ മനസ് തുറന്നു. 'എന്റെയൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയതായിരുന്നു. മഴയുള്ള സമയമായിരുന്നു. വെള്ളം കുഴികളിൽ നിറഞ്ഞിരിക്കുകയാണ്. അതിനാൽ കുഴിയുടെ ആഴം അറിയില്ല. ഒരു കുഴിയിൽ വീണപ്പോഴാണ് അതൊരു കുഴിയായിരുന്നില്ല, വലിയ ഗർത്തമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. വണ്ടി നേരെ ഉൾട്ടയടിച്ചു. ഞാൻ നേരെ റോഡിൽ.പുറകെ വന്ന വണ്ടി ബ്രേക്കിട്ടതുകൊണ്ട് എനിക്കിവിടെയിരുന്ന് സംസാരിക്കാൻ പറ്റുന്നു. ഒരു മാസമാണ് ഞാൻ കിടന്നുപോയത്. ഭയങ്കര ഷോക്കായിരുന്നു'-താരം പറഞ്ഞു.