car-parking-

മാളുകളിലും ഹോട്ടലുകളിലും എത്തുമ്പോൾ വാഹനം പാർക്കു ചെയ്യാനുള്ള കീ കൈമാറുമ്പോൾ കിട്ടുന്ന സ്ളിപ്പിലോ, പാർക്കിംഗ് ഏരിയായിലെ ബോർഡുകളോ 'കസ്റ്റമറുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയ്യുക' എന്ന നിർദ്ദേശം ഒരു പക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവാം. പാർക്ക് ചെയ്തിരിക്കുന്ന വാഹനം തിരികെ എടുക്കാൻ ചെല്ലുമ്പോൾ എന്തെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ തലയൂരാനുള്ള ഒരു മുൻകരുതലായിട്ടാണ് വ്യാപാര സ്ഥാപനങ്ങൾ ഇത്തരം മുന്നറിയിപ്പുകൾ രേഖപ്പെടുത്തുന്നത്. എന്നാൽ ഇത്തരം മുന്നറിയിപ്പിലൊന്നും ഒരു കാര്യവുമില്ലെന്നും മുന്നറിയിപ്പ് നൽകിയാലും ഹോട്ടൽ ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. അഡ്വ. ശ്രീജിത് പെരുമനയാണ് സുപ്രീം കോടതി പുറപ്പെടുവിച്ച ഈ സുപ്രധാന വിധിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"കസ്റ്റമറുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയുക" എന്ന ബോർഡ് വെച്ച് ഹോട്ടലുകൾക്കും, മാളുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഇനി ഉഡായിപ്പ് കളിക്കാൻ പറ്റില്ല ; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ഹോട്ടലുകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, മാളുകളുടെയും വാലറ്റ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്ത വാഹങ്ങൾക്ക് വാഹന ഉടമകൾക്കാണ് ഉത്തരവാദിത്വം "parking at owners risk " എന്ന് മുന്നറിയിപ്പ് നൽകിയാലും ഹോട്ടൽ ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടെന്ന് സുപ്രീംകോടതി .

Taj Mahal Hotel vs. United India Insurance Company Ltd.കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വാഹന ഉടമകളുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയ്യാം എന്ന് മുന്നറിയിപ്പ് ബോർഡ് വെച്ച ശേഷം നൽകുന്ന പാർക്കിങ് സ്ലിപ്പിൽ "വാഹനങ്ങൾക്ക് മേൽ മാനേജ്‌മെന്റിന് ഉത്തരവാദിത്വമില്ല" എന്ന മുന്നറിയിപ്പ് നൽകിയാലും വാഹന ഉടമയ്ക്ക് സുരക്ഷിതമായി വാഹനം തിരികെ നൽകാൻ പാർക്കിങ് നൽകുന്നവർക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

വാഹനം പാർക്കിങ്ങിൽ വെച്ചതിനു ശേഷം താക്കോൽ കൈമാറി രജിസ്റ്റർ ചെയ്യുമ്പോൾ വാഹന ഉടമയും, പാർക്കിങ് ഉടമയും തമ്മിൽ ഒരു കോട്രാക്റ്റിൽ ഏർപ്പെടുന്നുണ്ട്, പ്രസ്തുത കോണ്ട്രാക്റ്റ് നിയമപ്രകാരം ഉത്തരവാദിത്വം പാർക്കിങ് നല്കുന്നവർക്കാണ്. വാഹനത്തിനു എന്തെങ്കിലും സംഭവിക്കുന്ന പക്ഷം അത് പാർക്കിങ് നൽകിയവരുടെ അശ്രദ്ധകൊണ്ടുണ്ടായതല്ല എന്നും, തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത മൂന്നാമതൊരാളാൽ സംഭവിച്ചതാണെന്നും, പാർക്കിങ് ഉടമകൾക്ക് അശ്രദ്ധ ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ട burden of proof അഥവാ ബാധ്യത പാർക്കിങ് നൽകുന്ന ഹോട്ടൽ ഉടമകൾക്കാണെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ഇത്തരം സന്ദർഭങ്ങൾ തങ്ങൾക്ക് ബാധ്യതയില്ല എന്നെഴുതിയ പാർക്കിങ് സ്ലിപ്പുകൾ വാഹന ഉടമകൾക്ക് നൽകിയിരുന്നു എന്നതുകൊണ്ട് മാത്രം പാർക്കിങ് നൽകുന്നവരുടെ ബാധ്യത ഇല്ലാതാകുന്നില്ല എന്നും infra hospitium എന്ന തത്വപ്രകാരം ഹോട്ടലുകൾക്കും, പാർക്കിങ് നല്കുന്നവർക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി വിധിച്ചു. പാർക്കിങ്ങിൽ നൽകിയ വാഹനം കാണാതാകുകയോ തകരാറു സംഭവിക്കുകയോ ചെയ്‌താൽ അത് ഇൻഷൂർ കമ്പനിയുടെ ബാധ്യതയാണെന്ന താജ് ഹോട്ടലിന്റെ വാദമാണ് കോടതി തള്ളിയത്. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ് വാഹനം കാണാതായതിനുള്ള കാരണം എന്ന് തെളിയിക്കാനുള്ള ആദ്യത്തെ ബാധ്യത ഹോട്ടലിനാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരത്തിൽ താജ് ഹോട്ടലിനു ഉടമയുടെ വാഹനം തങ്ങളുടെ അശ്രദ്ധകൊണ്ടല്ല പോയത് എന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ വാഹനം ഉടമയ്ക്ക് നൽകേണ്ട ബാധ്യത ഹോട്ടലിനാണെന്നും ഇൻഷൂർ കമ്പനിക്കല്ലെന്നും കോടതിയുടെ സുപ്രധാന വിധിയിൽ പറയുന്നു

അഡ്വ ശ്രീജിത്ത് പെരുമന