1. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് ഉറപ്പ് നല്‍കി എന്നും ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് അകം കുറ്റവാളികള അറസ്റ്റ് ചെയ്യണം എന്നും അല്ലെങ്കില്‍ ഫാത്തിമ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ച് പറയും എന്നും പിതാവ്. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ തന്നെ ഉണ്ടെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നും അന്വേഷണ സംഘം ഉറപ്പ് നല്‍കി എന്നും ലത്തീഫ് . പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായത് വേദന ജനകമായ കാര്യങ്ങള്‍ ആണെന്നും ഫാത്തിമയുടെ പിതാവ്.
2. അതിനിടെ കേസ് അന്വേഷിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്, കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഇന്ന് ചെന്നൈയില്‍ എത്തും. നീക്കം, സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
3. ഫാത്തിമയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡി.എം.കെയും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തില്‍ കനിമൊഴി എം.പി വിഷയം ഉന്നയിക്കും എന്ന് എം.കെ. സ്റ്റാലിന്‍ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു. ഐ.ഐ.ടി, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഫാത്തിമയെ 9 ന് ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നത് ആയി ഫാത്തിമയുടെ ഫോണില്‍ കുറിപ്പ് ഉണ്ടായിരുന്നു. അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവന്‍ ഒടുക്കുന്നത് എന്നായിരുന്നു ആത്മഹത്യാ കുറിപ്പ്.
4. മണ്ഡല മകരവിളക്കിന് തുടക്കം ആയതോടെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പരമ്പരാഗത കാനനപാത ആയ ഇടുക്കി വണ്ടിപ്പെരിയാര്‍ വഴി തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റി വിട്ട് തുടങ്ങി. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ കയറ്റി വിടുന്നത്. പ്രവേശനം, പൊലീസിന്റെയും വനംവകുപ്പിന്റെ കര്‍ശന പരിശോധനയ്ക്ക് ശേഷം. കാനനപാതയില്‍ അഞ്ചിടങ്ങളില്‍ വനംവകുപ്പ് കുടിവെള്ളവും ആവശ്യ ചികിത്സാ സഹായവും സജ്ജമാക്കിയിട്ടുണ്ട്.
5. അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ ഇത്തവണയും കാര്യക്ഷമമായി ഒരുക്കിയിട്ടില്ല എന്ന് പരാതി. ശുചിമുറികള്‍ ഉള്‍പ്പെടെ ഉള്ളവയുടെ അഭാവം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയും ഉണ്ട്. ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സം എന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചു.
6. മകരവിളക്ക് തീര്‍ത്ഥാടനവും ആയി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന് പുറമേ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. തീര്‍ത്ഥാടനവും ആയി ബന്ധപ്പെട്ട് ഇത് വരെ നടത്തിയ ഒരുക്കങ്ങള്‍ ആണ് യോഗത്തിന്റെ പ്രധാന അജണ്ട. അതേസമയം ശബരിമല യുവതി പ്രവേശന പുതിയ വിധിയില്‍ പ്രായോഗികം ആയി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. നിയമപരമായി സ്റ്റേ ഇല്ലെന്നും മന്ത്രി. കേസ് വിശാല ബെഞ്ചിന് വിട്ടതോടെ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയില്‍ എന്നും മന്ത്രി പറഞ്ഞു
7. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നാളെ ചുമതല ഏല്‍ക്കും. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് എസ്.എ ബോബ്‌ഡെ. ബോംബെ ഹൈക്കോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ആയിരുന്ന ബോബ്‌ഡെ 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. 46-ാമത്തെ ചീഫ് ജസ്റ്റിസായി വിരമിക്കുന്ന ഗൊഗോയിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയിരുന്നു.
8. കേരള സര്‍വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തല്‍. വിവരങ്ങള്‍ ലഭിച്ചത്, കംമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയില്‍. കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ച് ക്രമക്കേട് നടന്നത് ആയും കണ്ടെത്തി. 2017 ജൂണ്‍ 1 മുതല്‍ നടന്ന പരീക്ഷകളില്‍ ആണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴില്‍ അധിഷ്ടിത ബിരുദ കോഴ്സുകളിലെ 12 പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നിരുന്നത്.
9. തട്ടിപ്പ് നടന്നിരിക്കുന്നത്, നിശ്ചയിച്ച മോഡറേഷനുകളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് രേഖപ്പെടുത്തി. ഒരേ പരീക്ഷയില്‍ തന്നെ പലതവണ മാര്‍ക്ക് തിരുത്തിയതായി തെളിഞ്ഞു. ക്രമക്കേട് മൂന്നംഗ സംഘം പരിശോധിക്കും. ആരൊക്കെയാണ് തട്ടിപ്പിന് പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ആര്‍ക്ക് വേണ്ടിയായിരുന്നു, എത്ര കുട്ടികള്‍ക്ക് ഇതിന്റെ ഫലം കിട്ടി എന്നിവ സംഘം പരിശോധിക്കും. വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. ഈ യോഗത്തിലാകും കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുക.
ജനവിധി ഇന്നറിയാം
1. ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് ഇന്നറിയാം. മൈത്രിപാല സിരിസേന സ്ഥാനം ഒഴിഞ്ഞതോടെ പിന്‍ഗാമിക്കായി നടത്തിയ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തി ആയിരുന്നു. മുന്‍ പ്രസിഡന്റ് മഹിന്ദ്രര രജപക്‌സെയുടെ സഹോരദന്‍ ഗോതബയെ രജപക്‌സെയും ഭരണപക്ഷ നേതാവ് സജിത് പ്രേമദാസുമടക്കം 35 സ്ഥാനാര്‍ത്ഥികള്‍ ആണ് ജനവിധി തേടിയത്. എക്സിറ്റ് പോളുകളില്‍ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് ആണ് ശ്രീലങ്കയിലേത്. അതിനാല്‍ പ്രധാന ചര്‍ച്ചാ വിഷയവും രാജ്യസുരക്ഷ തന്നെയാണ്. ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള ജനവികാരം എങ്ങെനെ ആണെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും.