കൊളംബോ: തമിഴ് പുലികളെ യുദ്ധത്തിൽ തകർത്ത മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഇളയ സഹോദരനുമായ നന്ദസേന ഗോതാബയ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇന്ന് അധികാരമേൽക്കും.
മഹിന്ദ രാജപക്‌സെയുടെ ശ്രീലങ്ക പൊതുജന പെരുമന പാർട്ടി (എസ്.എൽ.പി.പി) സ്ഥാനാർത്ഥിയായ ഗോതാബയ അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ (യു.എൻ.പി) സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. തോൽവി അംഗീകരിക്കുന്നുവെന്നും രാജപക്‌സെയെ അഭിനന്ദിക്കുന്നുവെന്നും സജിത് പ്രേമദാസ പ്രതികരിച്ചു. പരാജയത്തെ തുടർന്ന് പ്രേമദാസ യു.എൻ.പിയുടെ ഉപ നേതൃസ്ഥാനവും രാജിവച്ചു.
ഇടതുപക്ഷ സ്ഥാനാർത്ഥി അനുര കുമാര ദിസനായകെയാണ് മൂന്നാംസ്ഥാനത്ത്.
ശ്രീലങ്കൻ സർക്കാർ തമിഴ്പുലികളെ തോല്പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ ഗോതാബയ വിവാദപുരുഷനായിരുന്നു. പുലികൾക്കെതിരെ ഹീനമായ യുദ്ധ കുറ്റകൃത്യങ്ങൾ നടത്തിയതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. മാദ്ധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വില കല്പിക്കാത്ത ആളാണെന്ന ദുഷ്പേരും ഉണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്റെ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചെന്നാണ് ഗോതാബയ പറയുന്നത്. അദ്ദേഹത്തിന് ഇപ്പോഴും അമേരിക്കൻ പൗരത്വവും അമേരിക്കൻ പാസ്‌പോർട്ടും ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന സിംഹളരും ശക്തരായ പൗരോഹിത്യ വിഭാഗവും ഗോതാബയയ്‌ക്ക് പിന്തുണ നൽകുന്നവരാണ്. അവരുടെ വോട്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. ന്യൂനപക്ഷങ്ങളായ തമിഴ് വംശജരും മുസ്ലിങ്ങളും ഗോതാബയയ്‌ക്ക് എതിരായാണ് വോട്ട് ചെയ്‌തത്. തമിഴ് വിരുദ്ധനെന്ന് പേരുമുണ്ട്. സിംഹള ഭൂരിപക്ഷ മേഖലകളിൽ ഗോതാബയയും തമിഴ് മേഖലകളിൽ പ്രേമദാസയുമാണ് തിരഞ്ഞെടുപ്പിൽ മുന്നിട്ടു നിന്നത്.
കുടുംബ വാഴ്ച പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഗോതാബയ പറയുന്നതെങ്കിലും സഹോദരൻ മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കാനാണ് എല്ലാ സാദ്ധ്യതയും. മഹിന്ദ പ്രധാനമന്ത്രിയായാൽ അദ്ദേഹമായിരിക്കും പിൻ സീറ്റിൽ നിന്ന് ഭരണം നിയന്ത്രിക്കുന്നത്. മറ്റ് ബന്ധുക്കളെയും ഉന്നത പദവികളിൽ നിയമിക്കുമെന്നാണ് കരുതുന്നത്.
ആഭിമുഖ്യം ചൈനയോട്
ഗോതാബയയും സഹോദരൻ മഹിന്ദ രാജപക്‌സെയും ചൈനയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ഇന്ത്യയ്‌ക്ക് അനുഭാവമുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ കടുത്ത എതിരാളികളുമാണ്. അതുകൊണ്ടു ഗോതാബയയുടെ വിജയം ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. മഹിന്ദ രാജപക്‌സെയുടെ പത്ത് വർഷത്തെ (2005 - 2015) ഭരണകാലത്ത് ചൈന ശ്രീലങ്കയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഗോതാബയയുടെ വിജയത്തോടെ ചൈനാബന്ധം കൂടുതൽ ദൃഢമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സന്ദേശത്തിൽ ഗോതാബയയെ അഭിനന്ദിച്ചു. അതിന് ഗോതാബയ നന്ദിയും പ്രകടിപ്പിച്ചു.
'ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും. ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തണം'
-നന്ദസേന ഗോതാബയ