ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായി. കൊമേഴ്ഷ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ. കൊച്ചിയിൽ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നവദമ്പതികൾക്ക് ആശംസയുമായി രഞ്ജിനി ഹരിദാസ്,അർച്ചന സുശീലൻ, സാബുമോൻ,ദിയ സന എന്നിവർ എത്തിയിരുന്നു. കൂടാതെ ഹൈബി ഈഡൻ എംപി, എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി,ടി.ജെ വിനോദ്,ഇബ്രാഹിം കുഞ്ഞ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിൻ ഇവരുടെ അയൽക്കാരനായിരുന്നു.ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
വിവാഹത്തിന് മുമ്പ് ജഗതിയെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ശ്രീലക്ഷ്മി നേരത്തെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയിൽ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചതെന്ന് അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.