തന്റെ സ്വരമാധുരി കൊണ്ട് മാത്രം തെരുവോരത്തിൽ നിന്നും സിനിമയുടെ പളപളപ്പൻ ലോകത്തേക്ക് എത്തിച്ചേർന്നയാളാണ് രാണു മൊണ്ഡാൽ. ഒരുപക്ഷെ ഒരു ഇന്റർനെറ്റ് സെൻസേഷൻ മാത്രമായി ഒതുങ്ങേണ്ടിയിരുന്ന രാണു തന്റെ കഴിവ് ഒന്നുകൊണ്ടുമാത്രം വിജയങ്ങൾ വെട്ടിപ്പിടിച്ച കലാകാരിയാണ്. എന്നാൽ പ്രശസ്തിയുടെ ലോകത്ത് എത്തിയത് മുതൽ ഈ അനുഗ്രഹീത ഗായികയുടെ പിറകെ വിടാതെ കൂടിയിരിക്കുകയാണ് ഗോസിപ്പുകളും വിവാദങ്ങളും. തന്നോടൊപ്പം ഫോട്ടോ എടുക്കാൻ വന്ന ആരാധികയോട് ശരീരത്തിൽ തൊടരുതെന്ന് രാണു പറഞ്ഞുവെന്ന ആരോപണത്തിന്റെ ചുവടു പിടിച്ചായിരുന്നു ഒടുവിലത്തെ വിവാദം.
ഇപ്പോഴത്തെ രാണു മേക്കപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ മോശം ഉദ്ദേശത്തോടു കൂടിയുള്ള ട്രോളുകൾക്കും മീമുകൾക്കും വിഷയമാകുകയാണ്. ഭാരിച്ച രീതിയിൽ മേക്കപ്പ് ചെയ്തിരിക്കുന്ന രാണുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഗായികയുടെ രൂപത്തെ പരിഹസിക്കുന്ന കുറിപ്പുകളും ട്വീറ്റുകളും കുമിഞ്ഞുകൂടുകയാണ്. രാണു മൊണ്ഡാലിന്റെ ഈ രൂപത്തെ 'ദ നൺ' എന്ന ചിത്രത്തിലെ പ്രേത കഥാപാത്രത്തോട് ഉപമിച്ചാണ് പലരും ഗായികയ്‌ക്കെതിരെ പരിഹാസം പടച്ചുവിടുന്നത്.
#RanuMandal is ready to play the role of The nun biopic ❤️ pic.twitter.com/hnwyLkxyqi
ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ രാണുവിനെ അപമാനിക്കുന്നവർ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. ഉത്തർ പ്രദേശിലെ ഒരു ബ്യൂട്ടി പാർളർ ഉദ്‌ഘാടനം ചെയ്യുന്നതിന് വേണ്ടി എത്തിയ രാണുവിനെ കടയിലെ ബ്യൂട്ടിഷ്യൻ ആണ് മേക്കപ്പ് ചെയ്തത്. ഗായികയുടെ മുഖം വെളുക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു ബ്യൂട്ടിഷ്യൻ അവരുടെ മുഖത്ത് കട്ടിയിൽ മേക്കപ്പിടുകയായിരുന്നു. മേക്കപ്പ് ചെയ്ത രാണുവിന്റെ ഫോട്ടോ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മേക്കപ്പ് ചെയ്തതോ, ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടതോ രാണുവിന്റെ നിർദ്ദേശപ്രകാരമല്ല എന്ന് അവരെ കളിയാക്കുന്നവർ മനസിലാകുന്നില്ല.
എന്നാൽ രാണുവിനെ അനാവശ്യമായി കളിയാക്കുന്നതെന്തിനെന്ന് ചോദിച്ചും സോഷ്യൽ മീഡിയയിൽ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. 'എന്തിനാണ് ഇങ്ങനെ അനാവശ്യമായി മീമുകൾ സൃഷ്ടിക്കുന്നത്? ഒരു നീണ്ട കാലയളവിന് ശേഷം അവർക്ക് അവരുടെ ജീവിതം ജീവിക്കാൻ കിട്ടിയ അവസരമാണിത്. മേക്കപ്പ് മോശമാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ അത് മേക്കപ്പ് ആർട്ടിസ്റ്റിന്റെ കുറ്റമാണ്. അവർ സന്തോഷവതിയായാണ് കാണപ്പെടുന്നത്. എല്ലാം ട്രോളിനുള്ള വിഷയമല്ല.' ഡിസ്റ്റിൽഡ് വുമൺ എന്ന ട്വിറ്റർ നാമമുള്ള ഒരു യുവതി അഭിപ്രായപ്പെടുന്നു.
What's with Ranu Mondal memes?
Woman gets to live the time of her life after an eternity. I accept the makeover is a disaster but that's the makeup artist's fault. She looks happy.
Not everything is a meme material.
പശ്ചിമ ബംഗാളിലെ റാണാഘട്ടിലുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകളിൽ പാടികിട്ടുന്ന പണം കൊണ്ട് ഉപജീവനം നടത്തിയിരുന്ന രാണു മൊണ്ഡാൽ ആരോ ഷൂട്ട് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഗാനലോകത്തേക്ക് എത്തുന്നത്. പിന്നീട് അവരുടെ കഴിവുകൾ മനസിലാക്കിയ സിനിമാലോകം പാടാനുള്ള അവസരങ്ങളുമായി അവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു.