ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മദ്ധ്യദൂര, ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി - 2 (ഐ.സി.ബി.എം) ന്റെ ആദ്യ രാത്രി പരീക്ഷണം വിജയം. അഗ്നി പരമ്പരയിൽ രണ്ടാമനാണ്.
2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി- 2, ഒഡിഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലെ ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രി കുതിച്ചുയർന്നത്. നിലവിൽ സൈന്യത്തിന്റെ ഭാഗമായ അഗ്നി- 2 ന്റെ പരിശീലന വിക്ഷേപണമായിരുന്നു ഇത്. കരസേനയ്ക്ക് വേണ്ടിയാണ് അഗ്നി- 2 പതിപ്പ് ഡി.ആർ.ഡി.ഒ രൂപകല്പന ചെയ്തത്. 1999 ഏപ്രിൽ 11നായിരുന്നു ആദ്യ പരീക്ഷണം. 2010 മേയ് 17ന് അഗ്നി- 2 ആണവ പോർമുന ശേഷി പരീക്ഷിച്ചു. 2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്നി- 4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി- 5 ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്.
അഗ്നി- 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പക്കലാണ് ഇത്തരം മിസൈലുള്ളത്. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി- 5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്ടർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ.
സവിശേഷതകൾ
1000 കിലോ പോർമുന വഹിക്കാൻ ശേഷി
2,000 - 2,500 കി.മീ. ദൂരപരിധി
20 മീറ്റർ നീളം
18 ടൺ ഭാരം
രണ്ട് ഘട്ടങ്ങളിലും സോളിഡ് പ്രൊപ്പലന്റ് ഉപയോഗിക്കുന്നു
1999 ഏപ്രിൽ 11- ആദ്യ പരീക്ഷണം
2010 മേയ് 17- ആണവ പോർമുന ശേഷി പരീക്ഷണം