യു.എ.പി.എ കരിനിയമം എന്ന് ആവര്‍ത്തിച്ച് സി.പി.എം പോളിറ്റി ബ്യൂറോ...
1. പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോയില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയത് എന്നും വിഷയം സര്‍ക്കാരിന് മുന്നില്‍ എത്തുമ്പോള്‍ ഉചിതമായി തീരുമാനം എടുക്കും എന്നും പിണറായി വിജയന്‍. യു.എ.പി.എ കരിനിയമം എന്ന് ആവര്‍ത്തിച്ച് പോളിറ്റ് ബ്യൂറോ. ശബരിമല വിഷയത്തിലും നിലപാടില്‍ മാറ്റമില്ലാതെ പി.ബി. ശബരിമല ലിംഗസമത്വം എന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധി ആശക്കുഴപ്പം ഉണ്ടാക്കുന്നത് എന്നും പോളിറ്റ്ബ്യൂറോയുടെ പ്രസ്താവന.
2. അതേസമയം, പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകള്‍ എന്ന് സമ്മതിച്ചതായി പൊലീസ്. പ്രതികളെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്നമാനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായും സൂചന. പൊലീസ് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ആണ് ഇരുവരും മാവോയിസ്റ്റ് ബന്ധം തുറന്ന് സമ്മതിച്ചത്. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടത് ആയും പൊലീസ്.
3. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ കുറ്റം മറയ്ക്കാനായുള്ള പ്രതികളുടെ ആസൂത്രിത ഉത്തരങ്ങളും ഒഴിഞ്ഞു മാറലും പൊലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പല നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം, അലന്റെയും താഹയുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കേണ്ട എന്നാണ് പൊലീസ് തീരുമാനം. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
4. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യ പുറത്ത് വരും എന്ന് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ആര്‍. സുബ്രമണ്യം. അന്വേഷണം ശരിയായ ദിശയില്‍ ആണെന്ന് നിഗമനം. ഉന്നത വിദ്യഭ്യാസ സെക്രട്ടറിയുടെ പ്രതികരണം, മദ്രാസ് ഐ.ഐ.ടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം. തെളിവെടുപ്പിന് ശേഷം സുബ്രമണ്യം ഡല്‍ഹിക്ക് തിരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സുബ്രമണ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
5. അതേസമയം, മകളുടെ മരണത്തിന് കാരണക്കാര്‍ ആയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് ഉറപ്പ് നല്‍കി എന്നും ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് അകം കുറ്റവാളികള അറസ്റ്റ് ചെയ്യണം എന്നും അല്ലെങ്കില്‍ ഫാത്തിമ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ച് പറയും എന്നും പിതാവ്. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ തന്നെ ഉണ്ടെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നും അന്വേഷണ സംഘം ഉറപ്പ് നല്‍കി എന്നും ലത്തീഫ് . പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായത് വേദന ജനകമായ കാര്യങ്ങള്‍ ആണെന്നും ഫാത്തിമയുടെ പിതാവ് .
6. ഐ.ഐ.ടി, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഫാത്തിമയെ ഈ മാസം 9 ന് ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നത് ആയി ഫാത്തിമയുടെ ഫോണില്‍ കുറിപ്പ് ഉണ്ടായിരുന്നു. അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവന്‍ ഒടുക്കുന്നത് എന്നായിരുന്നു ആത്മഹത്യാ കുറിപ്പ്.
7. പൊതുമുതല്‍ നശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്. നടപടി, ജെ.എന്‍.യു അധികൃതരുടെ പരാതിയില്‍. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ക്യാമ്പസിന് ഉള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സിലറുടെ ഓഫീസും അലങ്കോലം ആക്കി എന്നാണ് പരാതി. സംഭവത്തിന് പിന്നിലെ 7 വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായും പൊലീസ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി ഉണ്ടാകും. വിദ്യാര്‍ത്ഥികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് നടപടിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അതേസമയം, വര്‍ദ്ധിപ്പിച്ച ഫീസുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും എന്നും വിദ്യാര്‍ത്ഥി യൂണിയന്‍.
8. അയോധ്യ വിധിയില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കും. പള്ളി നിര്‍മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കില്ല. ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ദരും, കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുത് എന്ന നിലപാടില്‍ ആയിരുന്നു ബോര്‍ഡിലെ ഭൂരിഭാഗം അംഗങ്ങളും. അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളിയുടെ നിര്‍മ്മാണത്തിന് അയോധ്യയില്‍ തന്നെ കണ്ടെത്തി നല്കണം എന്നും ആയിരുന്നു സുപ്രീംകോടതിയുടെ വിധി. മുസ്ലിം സംഘടനകള്‍ വിധിയെ വിയോജിപ്പോടെ ആയിരുന്നു സ്വീകരിച്ചത്.
9. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം ആക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചയ്ക്ക് അകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം എന്ന് കോടതി. ഇല്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഡിവിഷന്‍ ബെഞ്ചിനെ ചൊടിപ്പിച്ചത്.
10. കേന്ദ്ര നിയമത്തിന് എതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. ഇത് തിരുത്തണം. സര്‍ക്കാര്‍ നയം കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി. പിന്‍സീറ്റ് ഹെല്‍മറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യത ഉണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
11. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധം ആക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിപ്പിക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.