കണ്ണൂർ: ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന സ്കൂൾ കായിക മേളകൾ പ്രതിസന്ധികളും വലിയ പരാതികളുമൊന്നും കേൾപ്പിക്കാതെ നടത്തിയതിന്റെ ചാരിതാർത്ഥ്യവുമായി 13 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഡോ.ചാക്കോ ജോസഫ് പടിയിറങ്ങുന്നു . കായിക താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും മാധ്യമ പ്രവർത്തകരുടെയുമെല്ലാം കൈയടി വാങ്ങിയാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് സ്പോർട്സ് ചാക്കോ ജോസഫ് എന്ന എല്ലാവരുടെയും പ്രിയപ്പെട്ട ചാക്കോ സാർ വരുന്ന മേയ് 30ന് ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.
ചാക്കോ സാറിന്റെ നേതൃത്വത്തിൽ പിഴവില്ലാതെ നടത്തിയ സ്കൂൾ കായിക മേളകളിലൂടെ പിച്ചവച്ച പലരും അന്താരാഷ്ട്ര കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തി മിന്നിത്തിളങ്ങി. സെലക്ഷനിൽ വ്യക്തി താത്പര്യങ്ങൾ ഒരു കാലത്തും കൊണ്ടുവരരുതെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. 2007ൽ കോട്ടയം നെഹ്റു സ്റ്രേഡിയം വേദിയായ കായിക മേളയിലാണ് ആദ്യമായി സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ സംഘാടനച്ചുമതല ഏറ്രെടുക്കുന്നത്.
വെല്ലുവിളികൾ വിഷയമല്ല
ഏത് വെല്ലുവിളികളും സ്പോർട്സ്മാൻ സ്പിരിറ്രോടെഏറ്റെടുക്കുന്ന ചാക്കോ സാറിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ പല മാറ്രങ്ങളും കായിക മേളയുടെ സംഘാടനത്തിലും നടത്തിപ്പിലും കൊണ്ടുവന്നു. 2008ലെ തിരുവല്ലാ മീറ്രോടെ അതുവരെ ഒന്നിച്ചു നടത്തിയിരുന്ന ഗെയിംസ്, അത്‌ലറ്രിക് ഇനങ്ങൾ രണ്ടായി നടത്താൻ തീരുമാനമായി.അതോടെ റിസൽട്ടുമായി ബന്ധപ്പെട്ടുയരുന്ന പരാതികൾക്കും താമസത്തിനും ഒരു പരിധിവരെ അവസാനമായി.
സിന്തറ്രിക് ട്രാക്കിൽ തന്നെ അത്‌ലറ്രിക് മീറ്രുകൾ നടത്തുക, മാനുവൽ പരിഷ്കരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനയാണ്. 2010 മുതൽ മത്സര ഫലങ്ങളും മറ്ര് വിവരങ്ങളുമെല്ലാം ഓൺലൈൻ ആക്കാനുള്ള തീരുമാനം കായികമേള കൂടുതൽ സുതാര്യമാക്കി.
മികച്ച സംഘാടനം
രണ്ട് തവണ കേരളത്തിൽ വച്ച് വിജയകരമായി ദേശീയ സ്കൂൾ കായിക മേള നടത്തി. ഇതിനുള്ള അംഗീകാരമായി ബെസ്റ്റ് ഓർഗനെെസേഷൻ അവാർഡ് രണ്ട് തവണയും ലഭിച്ചു.
2009ലെ ലോക സ്കൂൾസ്അത്‌ലറ്രിക് ചാമ്പ്യൻഷിപ്പ്, 2014ലെ ഏഷ്യൻ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ്, 2016ലെ ലോക സ്കൂൾസ്അത്‌ലറ്രിക് എന്നിവയിൽ ഇന്ത്യൻ ടീമിന്റെ ചെഫ് ഡി മിഷനായിരുന്നു.
ഇത്തവണത്തെ കായിക അദ്ധ്യാപക സമരം മീറ്രിനെ ബാധിക്കാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃമികവിന്റെ തെളിവാണ്.
വോളിബാൾതാരം
കാഞ്ഞിരപ്പള്ളിയിലെ ഒറ്രപ്ലാക്കൽ കുടുബാംഗമായ ചാക്കോ ജോസഫ് മികച്ച വോളിബാൾ താരം കൂടിയാണ്. കേരള യൂണിവേഴ്സിറ്റി ടീമംഗമായിരുന്നു. മലയൻകീഴ് എം.എം.എസ് കോളേജിലെകായികാദ്ധ്യാപിക ഡോ. സിനി എബ്രഹാമാണ് ഭാര്യ. മകൻ ജോസഫ് കാനഡയിലും മകൾ തെരേസ ആസ്ട്രേലിയയിലും പഠിക്കുകയാണ്.