vehicle-parking

ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നത് സ്വന്തം ഉറപ്പിൽ മാത്രമെന്ന സൂചനാ ബോർഡിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധി. 1998 ൽ പാർക്കിംഗ് സ്ഥലത്തു നിന്ന് വാഹനം നഷ്ടമായ ഒരു സംഭവത്തിൽ നഷ്ടപരിഹാര കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എം.എം. ശാന്തന ഗൗഡയും അജയ് റസ്തോഗിയും അടങ്ങിയ ബെഞ്ചിന്റെ വിധി.

ഡൽഹി താജ്മഹൽ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷണം പോയ മാരുതി സെൻ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ ഉത്തരവ് ശരിവച്ചാണ് വിധി. സംഭവത്തിൽ ഹോട്ടൽ മാനേജ്മെന്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. ഉടമയ്ക്ക് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുമ്പോൾ, കൃത്യമായി സൂക്ഷിക്കാനും പാർക്കിംഗ് സ്ലിപ്പ് കാണിക്കുമ്പോൾ തിരികെ നൽകാനും ഹോട്ടൽ മാനേജ്മെന്റിന് ബാദ്ധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

മുറികൾ നൽകുമ്പോഴും ഭക്ഷണത്തിനും മറ്റു സേവനങ്ങൾക്കും വാടക ഈടാക്കുകയും ക്ലബുകളിലും മറ്റും പ്രവേശന ഫീസ് ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാഹനം സൗജന്യമായി പാർക്ക് ചെയ്യാൻ സാഹചര്യമൊരുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനം പാർക്ക് ചെയ്യേണ്ടത് സ്വന്തം റിസ്കിലാണെന്ന് ഉടമയോട് പറഞ്ഞിരുന്നതായും, അതിനാൽ തങ്ങൾക്ക് ഇതിൽ ബാദ്ധ്യതമില്ലെന്നുമുള്ള താജ് ഹോട്ടലിന്റെ വാദം നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, എല്ലാ സാഹചര്യത്തിലും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഹോട്ടൽ ഉടമകൾ ഉത്തരവാദികളല്ലെന്നും കോടതി വ്യക്തമാക്കി.