സൂര്യജിത്ത് 11.02 സെക്കൻഡ്, ആൻസി 12.05 സെക്കൻഡ്
കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ സിന്തറ്രിക് ട്രാക്കിനെ തീപിടിപ്പിടിച്ച നീറ് മീറ്രർ പോരാട്ടങ്ങളിൽ സീനിയർ വിഭാഗത്തിൽ കെ.ആർ. സൂര്യജിത്തും ഇരട്ട റെക്കാഡ് തിളക്കത്തിൽ ആൻസി സോജനും അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗരാജാവും റാണിയുമായി.
റെക്കാഡ് ഡബിളുമായി ആൻസി
സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ തുടർച്ചയായ രണ്ടാം തവണയും ആൻസി സോജനെന്ന നാട്ടികകാരിക്ക് വെല്ലുവിളികൾ ഉണ്ടായില്ല. ഇത്തവണ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 12.05 സെക്കൻഡിൽ ഫിനിഷ് ചെയ്ത തൃശൂർ നാട്ടിക ഫിഷറീസ് ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ ആൻസി മീറ്റിൽ റെക്കാഡ് ഡബിളും സ്വന്തമാക്കി.2015ൽ ഉഷ സ്കൂളിലെ ജിസ്ന മാത്യു കുറിച്ച 12.8 സെക്കൻഡിന്റെ റെക്കാഡാണ് ആൻസി പഴങ്കഥയാക്കിയത്. കോട്ടയം ഭരണങ്ങാനം സ്‌കൂളി ആൻ റോസ് ടോമി 12.43 സെക്കൻഡിൽ വെള്ളിയും കുറുമ്പനാടം സെന്റ്.ജോസഫ് എച്ച്.എസ്.എസിലെ അഞ്ജലി. പി.ഡി 12.50 സെക്കൻഡിൽ വെങ്കലവും നേടി.
ഫോട്ടോഫിനിഷിൽ സൂര്യജിത്ത്
സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം സായ്‌യിലെ ആകാശ് എം. വർഗീസിനെ ഫോട്ടോഫിനിഷിൽ പിന്തള്ളിയാണ് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ കെ.ആർ.സൂര്യജിത്ത് മീറ്രിലെ വേഗമേറിയ താരമായത്. 11.02 സെക്കൻഡിലാണ് സൂര്യജിത്തിന്റെ ഫിനിഷ്. 11.03 സെക്കൻഡിലാണ് ആകാശ് ഫിനിഷ് ലൈൻ കടന്നത്. പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് ഷനൂബ്. കെ.എം. 11.14 സെക്കൻഡിൽ വെങ്കലം നേടി.
ചേട്ടന് അനിയന്റെ ഗുരു ദക്ഷിണ
ജൂനിയർ ആൺകുട്ടികളിൽ തന്റെ പരിശിലകനായ ചേട്ടൻ അർഷാദിനുള്ള ഗുരുദക്ഷിണയായി മുഹമ്മദ് ഹനാന്റെ സ്വർണം. 11.36 സെക്കൻഡിലാണ് മലപ്പുറം താനൂർ ദേവദാർ ജി.എച്ച്.എസ്.എസിലെ ഹനാൻ പൊന്നണിഞ്ഞത്. കൊല്ലം സായ്‌യുടെ എസ്. സ്റ്റാലിൻ ജോഷ്വ 11.45 സെക്കൻഡിൽ വെള്ളിയും തൃശൂർ ഇരങ്ങാലക്കുട എൻഎച്ച്.എസ്.എസിലെ മണിപ്പൂരി താരം വാരിഷ് ബോഗിമയും 11.46 സെക്കൻഡിൽ വെങ്കലവും നേടി.
സാന്ദ്രാ സൂപ്പർ ഫാസ്റ്ര്
ജൂനിയർ പെൺകുട്ടികളിൽ തോമസ് മാഷിന്റെ പ്രിയ ശിഷ്യ കോട്ടയം പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസിലെ സാന്ദ്രാ മോൾ ബാബു 12.59 സെക്കൻഡിൽ സ്വർണം നേടി. പരിക്ക് മൂലം കഴിഞ്ഞ തവണ കൈവിട്ട സ്വർണമാണ് ഇത്തവണ സാന്ദ്ര ഓടിയെടുത്തത്. 12.82 സെക്കൻഡിൽ എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ ഫിസ റഫീഖ് വെള്ളിയും 12.90 സെക്കൻഡിൽ കോട്ടയം ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അലീന വർഗീസ് വെങ്കലവും നേടി.
മണിപ്പൂരി പൊന്ന്
സാങ്കേതിക പിഴവ് മൂലം താമസിച്ച് നടത്തിയ സബ്ജൂനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ സ്വർണത്തിളക്കവുമായി മണിപ്പൂരിതാരം വാങ്ങ് മയും മുകാറാം. തൃശൂർ ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസിലെ വാങ്മയൂം 11.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം സ്വന്തമാക്കിയത്. തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മോഡൽ ഗവ. റസിഡൻഷ്യൽ സ്കുളിലെ എം.കെ വിഷ്ണു വെള്ളിയും (11.84 സെക്കൻഡ്). വയനാട് കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ പി.എസ്.രമേഷ് വെങ്കലത്തിനും (11.97 സെക്കൻഡ് ) അവകാശികളായി.
പൊക്കത്തിലല്ല ചേട്ടാ കഴിവിലാണ് കാര്യം
സബ്‌ജൂനിയർ പെൺകുട്ടികളിൽ മിന്നൽ ഫിനിഷിംഗ് നടത്തിയ ജി.താരയോട് ഇത്ര കുഞ്ഞായിട്ടും എങ്ങനെ ഫസ്റ്രടിച്ചെന്ന് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് റെക്കാഡ് വേഗത്തിലായിരുന്നു പാലക്കാടൻ താരത്തിന്റെ ഉത്തരം - പൊക്കത്തിലല്ല ചേട്ടാ കഴിവിലാണ് കാര്യം. ഉരുളയ്ക്കുപ്പേരിപോലുള്ള മറുപടി പോലെ ശരവേഗത്തിൽ പാഞ്ഞ പാലക്കാട് കാണിക്കമാതാ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് എച്ച്.എസ്.എസിലെ ജി. താര 12.96 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ ജെ.എസ്. നിവേദ്യ 13.25 സെക്കഡിൽ വെള്ളിയും തിരുവനന്തപുരം സായിയിലെ സ്‌നേഹ ജേക്കബ് 13.26 സെക്കൻഡിൽ വെങ്കലവും നേടി. ഫോട്ടോ ഫിനിഷിനൊടുവിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ തീരുമാനിച്ചത്.