sabarimala
SABARIMALA - AYYAPPA DEVOTEES

ശബരിമല: മണ്ഡല ഉത്സവത്തിന് തുടക്കമായ വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. രാവിലെ ശരംകുത്തി വരെ ഭക്‌തരെ നിയന്ത്രിച്ച് നിറുത്തിയ ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ പുതിയ മേൽശാന്തി എം.കെ. സുധീർ നമ്പൂതിരി പുലർച്ചെ മൂന്നിന് നട തുറന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ എൻ.വിജയകുമാർ, കെ.എസ്. രവി, എക്‌സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, കമ്മിഷണർ എം. ഹർഷൻ തുടങ്ങിയവർ സന്നിധാനത്തുണ്ടായിരുന്നു.

ഉത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം നടന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ചെറിയ വാഹനങ്ങൾ നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി പറഞ്ഞു. മാസ പൂജാ സമയം ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ എത്തി ആളെ ഇറക്കി മടങ്ങാൻ സൗകര്യം നൽകിയിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്.
പമ്പ നിലയ്ക്കൽ റൂട്ടിൽ പ്രായമായവർക്കും അംഗപരിമിതർക്കുമായി ബസ് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.