മഹാമാത്പൂർ (ബീഹാർ ): ആൾക്കൂട്ട ആക്രമത്തിൽ മരിച്ചെന്ന് കരുതിയയാൾ മൂന്നുമാസത്തിന് ശേഷം തിരിച്ചെത്തി. ബിഹാറിലെ മഹാമാത്പൂറിലാണ് സംഭവം. ഭർത്താവ് കൃഷ്ണമാഞ്ചിയെ കാണാനില്ലെന്ന് ഭാര്യ റൂഡി ദേവിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കുഞ്ഞിനെ അപഹരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ബിഹാറിലെ റാണി തലാബ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗസ്റ്റ് 10നാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുണ്ടായിരുന്ന മൃതദേഹം കൃഷ്ണ മാഞ്ചിയുടേതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം വീട്ടുകാർ സംസ്കരിക്കുകയും ചെയ്തു.
എന്നാൽ മൂന്നുമാസത്തിന് ശേഷം ഇയാൾ വീട്ടിലെത്തുകയായിരുന്നെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. അഴുകിയ നിലയിലുള്ള മൃതദേഹത്തിൽ ഭർത്താവ് ധരിച്ചിരുന്നത് പോലെയുള്ള വസ്ത്രങ്ങൾ കണ്ടാണ് താൻ തെറ്റിധദ്ധരിച്ചതെന്നാണ് ഭാര്യ റൂഡി ദേവി പറയുന്നത്. ഇപ്പോൾ എന്റെ ഭർത്താവ് തിരികെയെത്തിയെന്നും ഇവർ പറയുന്നു. മരിച്ചെന്ന് കരുതിയയാൾ തിരിച്ചെത്തിയത് വീട്ടുകാർക്ക് സന്തോഷത്തിന് വക നൽകിയെങ്കിലും പൊലീസ് വെട്ടിലായിരിക്കുകയാണ്. ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പട്ന എസ്.എസ്.പി ഗരിമ മാലിക്.