ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ വിശേഷണം ഒട്ടും വേണ്ടാത്ത താരമാണ് ബജാജിന്റെ ചേതക്. ഒന്നര ദശാബ്‌ദത്തിന് മുമ്പുവരെ സാധാരണക്കാരന്റെ പ്രിയപ്പെട്ട കുടുംബയാത്രാ വാഹനം. ചേതക്കിൽ ഒന്നും രണ്ടുമല്ല,​ നാലും അതിലേറെയും കുടുംബാംഗങ്ങൾ ഒന്നിച്ചുയാത്ര ചെയ്യുന്ന കാഴ്‌ച ഇന്നും പഴയ തലമുറയ്ക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയാണ്. ഇന്ത്യൻ സ്‌കൂട്ടർ വിപണി ഒരുകാലത്ത് അടക്കിവാണ ചേതക്കിന്,​ ബുക്കിംഗിനുശേഷം ഡെലിവറിക്കായി വർഷങ്ങളുടെ കാത്തിരിപ്പുപോലും ഉണ്ടായിരുന്ന കാലമാണത്.

പഴയ ചേതക്കിന് ഇന്ത്യയിൽ ഒരുകോടിയിലേറെ ഉപഭോക്താക്കളുണ്ടായിരുന്നു! 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേതക് വീണ്ടും അവതരിക്കുകയാണ്; ഇലക്‌ട്രിക് പരിവേഷവുമായി. അനുദിനം വളരുന്ന ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ പുതിയ ചലനത്തിന് തന്നെ ചേതക് വഴിയൊരുക്കുമെന്ന് ബജാജ് പ്രതീക്ഷിക്കുന്നു. ഇലക്‌ട്രിക് മോട്ടോർ ആണെന്നത് പുത്തൻ ചേതക്കിന് സ്വീകാര്യത വർദ്ധിപ്പിക്കും. ബജാജിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന പെരുമയുള്ള പുത്തൻ ചേതക്കിനെ അടുത്ത ജനുവരിയോട് വിപണിയിൽ പ്രതീക്ഷിക്കാം.

വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും,​ ഒരുലക്ഷം രൂപയ്ക്കടുത്ത് പ്രതീക്ഷിക്കാം. പഴയ പ്രതാപം അനുസ്‌മരിപ്പിക്കുന്ന രൂപകല്‌പനയാണ് പുത്തൻ ചേതക്കിന്. അലോയ് വീലുകളും സസ്‌പെൻഷനുകളും ഇതിനോട് നീതിപുലർത്തുകയും ചെയ്യുന്നു. ഇറ്രാലിയൻ ശൈലിയെ ഓർമ്മിപ്പിച്ച്,​ മുന്നിലേക്ക് ഒഴുകിവീഴുന്ന മട്ടിലാണ് ബോഡി സജ്ജീകരിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്ര് എൽ.ഇ.ഡിയാൽ സമ്പന്നം.

ഫുട്‌ബോർഡിന് മുൻഭാഗത്തായി,​ ചെറിയ സ്‌റ്രോറേജ് ബോക്‌സുണ്ടെന്നതും പഴമയിൽ നിന്ന് കടംകൊണ്ട നല്ല തീരുമാനമാണ്. കുത്തനെയുള്ള,​ വലിയ ഇൻഡിക്കേറ്റുകളാണ് മുന്നിലും പിന്നിലുമുള്ളത്. പിൻഭാഗത്ത്,​ അവ സ്‌റ്രോപ്പ് ലൈറ്രുംകൂടി ചേർന്നതാണ്. ബജാജ് ലോഗോ ഒഴിവാക്കി,​ പൂർണമായും ചേതക് എന്നുമാത്രം നൽകി,​ പുത്തൻ സ്‌കൂട്ടറിന് സ്വന്തം വ്യക്തിത്വം ഉറപ്പാക്കിയിട്ടുമുണ്ട് ബജാജ്.

വൃത്താകൃതിയിൽ,​ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്ററാണുള്ളത്. സ്‌പീഡോമീറ്രർ,​ ഓഡോമീറ്രർ എന്നിവയ്ക്ക് പുറമേ യാത്രയുടെ റേഞ്ച്,​ ബാറ്ററി ബാക്കപ്പ് എന്നിവയും ഇതിൽ കാണാം. സ്വിച്ചുകൾക്ക് പരമ്പരാഗത ശൈലി ഒഴിവാക്കി,​ ഫെതർടച്ച്,​ സ്വൈപ്പ് ഫംഗ്‌ഷനുകളാണ് നൽകിയിരിക്കുന്നത്. കീലെസ് സ്‌റ്രാർട്ട്,​ സ്‌കൂട്ടറിന് പ്രീമിയം കരുത്തും സമ്മാനിക്കുന്നു. ഇതു സ്റ്രാൻഡേർഡ് ഫീച്ചറാണ്. സ്‌മാർട്‌ഫോൺ കണക്‌ടിവിറ്രിയും സ്‌കൂട്ടറിൽ പ്രതീക്ഷിക്കാം. പുത്തൻ ചേതക്കിന്റെ മോട്ടോറിനെ കുറിച്ച് ബജാജ് കൂടുതൽ വ്യക്തമാക്കിയിട്ടില്ല. ഇക്കോ,​ സ്‌പോർട്ട് റൈഡിംഗ് മോഡുകളുണ്ടാകും.