lady-mount-batten-

ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനം ആഘോഷിച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട് ചാച്ചിജിയുടെ ജൻമദിനം ശിശുദിനമായാണ് ആഘോഷിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. നെഹ്റുവിന്റെ ജൻമദിനത്തിൽ വീണ്ടും ചർച്ചയാവുകയാണ് പമേല ഹിക്സിന്റെ Daughter of an empire: My Life as a Mountbatten' എന്ന പുസ്തകം.

ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന ലോർഡ് മൗണ്ട് ബാറ്റന്റെയും എഡ്വിനയുടെയും മകളാണ് പമേല ഹിക്സ്. തന്റെ അമ്മയ്ക്കും നെഹ്‌റുവിനും ഇടയിൽ ഒരു പ്രധാനമന്ത്രിക്കും ഗവർണർ ജനറലിന്റെ ഭാര്യക്കും ഇടയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്വകാര്യമായ ഒരു അടുപ്പമുണ്ടായിരുന്നു എന്ന് പമേല തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

1947 ആഗസ്റ്റ് 14ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ മൗണ്ട് ബാറ്റനോട് ജവഹർലാൽ നെഹ്റു ഒരു അഭ്യർത്ഥന നടത്തി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ എന്ന പദവി ഏറ്റെടുത്ത് കുറച്ചുകാലം കൂടി രാജ്യത്ത് തുടരണം. ഇന്ത്യ എന്ന പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതിന് സഹായം നൽകണം. . നെഹ്‌റു എന്ന സുഹൃത്തിന്റെ അപേക്ഷ മൗണ്ട് ബാറ്റന് തള്ളിക്കളയാൻ സാധിച്ചില്ല. അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്നദ്ധനായി. മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവന്നപ്പോൾ കൂടെ പത്നി എഡ്വിനയുമുണ്ടായിരുന്നു.

അതീവ സുന്ദരിയായിരുന്നു എഡ്വിനാ മൗണ്ട് ബാറ്റൺ. ആരിലും അസൂയ ജനിപ്പിക്കുന്ന ദാമ്പത്യമായിരുന്നു ഇരുവരുടെയും. എന്നിരുന്നാലും ഇരുവരുടെയും പ്രണയബന്ധങ്ങളെക്കുറിച്ചും വാർത്തകൾ പരന്നിരുന്നു. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റു എന്ന ഇന്ത്യൻ പ്രധാനമന്ത്രിയും, എഡ്വിന മൗണ്ട്ബാറ്റൺ എന്ന പ്രഭുപത്നിയും തമ്മിലുള്ള അവിശുദ്ധപ്രണയത്തെക്കുറിച്ചും പൊടിപ്പും തൊങ്ങലും വച്ച് വാർത്തകൾ വന്നു.

nehru-


അന്ന് പതിനെട്ടുവയസായിരുന്നു പമേലയ്ക്ക്. തന്റെ അമ്മയ്ക്കും പണ്ഡിറ്റ് നെഹ്‌റുവിനും തന്റെ അമ്മയ്ക്കുമിടയിൽ പ്രണയമുണ്ടായിരുന്നു എന്നുതന്നെയാണ് ആ മകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇംഗ്ലീഷിൽ 'സോൾ മേറ്റ്സ്' എന്നൊക്കെ പറയുന്നത് ഈ ലോകത്തിൽ ആരുടെ കാര്യത്തിലെങ്കിലും പൂർണമായ അർത്ഥത്തിൽ സത്യമാണെന്നുണ്ടെങ്കിൽ അത് തന്റെ അമ്മയുടെയും നെഹ്‌റുവിന്റെയും കാര്യത്തിലാവും എന്ന് അവർ പറയുന്നു.

my-home-

ലോർഡ് മൗണ്ട് ബാറ്റൺ എന്ന വൈസ്രോയിയുടെ തിരക്കിട്ട ഔദ്യോഗികജീവിതത്തിൽ അവർക്ക് ആകെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. ഭർത്താവ് എന്ന നിലയിൽ അച്ഛന്റെ ശ്രദ്ധ വേണ്ടത്ര കിട്ടാതെ പോകുന്നു എന്നൊരു അസംതൃപ്തി അമ്മയുടെ ഉള്ളിലുണ്ടായിരുന്നുവെന്ന് പമേല പുസ്തകത്തിൽ പറയുന്നു. അങ്ങനെ, തന്റെ നാല്പതുകളുടെ മധ്യത്തിൽ ഏകാന്തത അനുഭവിച്ചുകൊണ്ടിരുന്ന എഡ്വിനയ്ക്ക് മുന്നിലേക്കാണ് ജവഹർലാൽ നെഹ്‌റുവിനെ വിധി കൊണ്ടുചെന്നു നിർത്തുന്നത്. ആ വ്യക്തിപ്രഭാവത്തിനു മുന്നിൽ എഡ്വിന വീണുപോകുകയായിരുന്നുവെന്ന് പമേല കുറിക്കുന്നു.


ജീവിതത്തിന്റെ സായാഹ്നത്തിൽ, തീർത്തും ഏകാന്തമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ജവഹർലാൽ നെഹ്‍റുവും അക്കാലത്ത്. ഭാര്യ മരിച്ചിട്ട് ഒരു പതിറ്റാണ്ടിലധികം കാലമായിരുന്നു. മകൾ ഇന്ദിരയും അവളുടെ കുടുംബജീവിതത്തിന്റേതായ തിരക്കുകളിൽ മുഴുകിക്കഴിഞ്ഞിരുന്നു. ജവഹർലാലിന്റെ ജീവിതത്തിൽ വിശേഷിച്ച് കൗതുകങ്ങളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. പ്രധാനമന്ത്രി എന്ന പദവിയുടെ ഉത്തരവാദിത്തങ്ങൾ വേറെ.. അങ്ങനെയുള്ള ഒരു ജീവിതത്തിനിടയ്ക്കാണ് അതിസുന്ദരിയായ ഒരു കേൾവിക്കാരിയെ അദ്ദേഹത്തിന് വീണുകിട്ടുന്നത്. നെഹ്‌റുവിന് പറയാനുണ്ടായിരുന്നതെല്ലാം എഡ്വിനയ്ക്ക് കേൾക്കാൻ താത്പര്യമുള്ള വിഷയങ്ങളായിരുന്നു. സുദീർഘമായ സംഭാഷണങ്ങളിൽ മുഴുകാനുള്ള അവസരങ്ങൾ അവർക്ക് അക്കാലത്ത് ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്നു.

lady-mount-batten

യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടിയ വളരെ ഏകാകികളായ രണ്ടുപേരായിരുന്നു എഡ്വിനയും ജവഹർലാലും. ഇരുവർക്കുമിടയിൽ ആത്മബന്ധത്തിന്റെ തീപ്പൊരികൾ വീഴുന്നതിന് പതിനെട്ടുകാരിയായ മകൾ പമേല സാക്ഷിയായി. അതിന്റെ വിശദാംശങ്ങൾ അവർ തന്റെ ഡയറിയിൽ പകർത്തി. പിൽക്കാലത്ത് ആ ഓർമ്മകൾ അവരുടെ ആത്മകഥയുടെ ഭാഗമായി. സ്വന്തം ജീവിതങ്ങളിലെ ശൂന്യതകളിലേക്ക് അവർ പരസ്പരം ആവാഹിച്ചു. അതൊരിക്കലും പക്ഷേ, മാംസനിബദ്ധമായിരുന്നില്ല എന്ന് പമേല പറയുന്നു.

"ഇന്നത്തെക്കാലത്ത് ഒരാണും പെണ്ണും തമ്മിൽ ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞാൽ ഉടനെത്തന്നെ ആളുകൾ അവർ തമ്മിൽ സെക്സിലേർപ്പെട്ടു എന്നാവും ധരിക്കുക. എന്നാൽ, അങ്ങനെ അല്ലാത്ത ബന്ധങ്ങളുണ്ടായിരുന്ന കാലവുമുണ്ടായിരുന്നു ഒരിക്കൽ. ഇന്നത്തെ തലമുറക്ക് ചിലപ്പോൾ ഞാനീ പറയുന്നത് അവിശ്വസനീയമായി തോന്നാം. അങ്ങനെ സാധിക്കും. ശരീരങ്ങൾ പങ്കുവെക്കാതെ തന്നെ ഒരാണിനും പെണ്ണിനും തമ്മിൽ വളരെ കടുത്ത പ്രണയത്തിൽ ഏർപ്പെടാൻ കഴിയും. അതിന്റെ ഏറ്റവും വലിയ മാതൃകകളായിരുന്നു എന്റെ അമ്മയും, നെഹ്‍റുവും. നെഹ്‍റുവും അമ്മയും ഇനി അങ്ങനെ വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുമാത്രം സ്വകാര്യത അവരുടെ ജീവിതത്തിൽ കിട്ടാൻ പ്രയാസമായിരുന്നു." പമേല ഓർക്കുന്നു.

അത്യപൂർവമായ ആ ആജന്മസൗഹൃദത്തിനും പ്രണയത്തിനും പക്ഷേ, വെറും പത്തുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1948 ജൂൺ മാസത്തോടെ ലോർഡ് മൗണ്ട് ബാറ്റൺ ഗവർണർ ജനറൽ പദവി ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് തിരികെ ജന്മനാടായ ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിക്കുന്നു. ഒപ്പം എഡ്വിനയും.

പോകുന്നതിനു മുമ്പ് എഡ്വിന തന്റെ കയ്യിലുണ്ടായിരുന്ന ഒരു മരതകക്കല്ലുവെച്ച മോതിരം നെഹ്‌റുവിനായി സമ്മാനിച്ച് പോകുന്നുണ്ട്. തന്റെ സമ്മാനം അവർ ഏൽപ്പിച്ചത് നെഹ്‌റുവിനെയല്ല, മകൾ ഇന്ദിരയെയാണ്. നിന്റെ അച്ഛന് ഇത് കൊടുത്തിട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, അത് ആ കയ്യിൽ ഇരിക്കില്ല ഇത് ഒരിക്കലും വിൽക്കരുത്. . എന്നെങ്കിലും അച്ഛന് സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടു വരുന്നപക്ഷം, ഈ മോതിരം വിറ്റുകിട്ടുന്ന കാശ് അദ്ദേഹത്തിന് നൽകണമെന്ന് ഇന്ദിരയോട് അവർ പറഞ്ഞു.

അന്ന് തമ്മിൽ പിരിഞ്ഞു എങ്കിലും അവർ തമ്മിൽ മുടങ്ങാതെ കത്തുകളിലൂടെ ബന്ധം തുടർന്നു. എഡ്വിനയ്ക്കുള്ള നെഹ്‍റുവിന്റെ കത്തുകൾ ഡയറിക്കുറിപ്പുകൾ പോലെയായിരുന്നു.ഓരോ കത്തിനും എഡ്വിന മുടങ്ങാതെ മറുപടികളും അയച്ചുപോന്നു.

nehru-

എഡ്വിന 1960 -ൽ മരിക്കും വരെയും നെഹ്‍റുവിനോടുള്ള ഈ എഴുത്തുകുത്തുകൾ തുടർന്നു എന്ന് മകൾ പമേല ഹിക്ക്സ് തന്റെ ആത്മകഥയിൽ പറയുന്നു. ഇന്ന് നെഹ്‌റു എന്ന വ്യക്തിയെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പേരിൽ, ശത്രുപക്ഷത്തുള്ളവർ അദ്ദേഹത്തെ അവമതിക്കാൻ വേണ്ടി പലപ്പോഴും ആയുധമാക്കുന്നത് എഡ്വിന മൗണ്ട്ബാറ്റനും ജവഹർലാൽ നെഹ്‍റുവിനുമിടയിൽ നിലനിന്നിരുന്ന നിർമ്മലമായ ആ സ്നേഹത്തെക്കൂടിയാണ്.