കണ്ണൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻപട്ടത്തിനായി എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. രണ്ടാം ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യദിനം തങ്ങളെ മിറകടന്ന പാലക്കാടിനെ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളി നിലവിലെ ചാമ്പ്യൻമാരായ എറണാകുളം ഒന്നാം സ്ഥാനത്തെത്തി. 41 ഫൈനലുകൾ പൂർത്തിയായപ്പോൾ 11 സ്വർണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 77.33 പോയിന്റുമായാണ് എറണാകുളം ഒന്നാംസ്ഥാനത്തെത്തിയത്.
7 സ്വർണവും 13 വെള്ളിയും 4 വെങ്കലവുമടക്കം 76.33 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നാലെ തന്നെയുണ്ട്.അഞ്ച് സ്വർണവും 6 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 46.33 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.സ്‌കൂളുകളിൽ ആദ്യ ദിനം മൂന്നാം സ്ഥാനത്തായിരുന്ന പാലക്കാട് കല്ലടി സ്കൂൾ 2 സ്വർണവും 6 വെള്ളിയും 2 വെങ്കലവുമടക്കം 28.33 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തി.
കോതമംഗലം മാർബേസിൽ എച്ച്.എസ്.എസ് 3 വീതം സ്വർണവും വെങ്കലവും രണ്ട് വെള്ളിയുമടക്കം 22.33 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. നാല് സ്വർണം നേടിയ എറണാകുളം ജില്ലയിലെ മണീട് സ്‌കൂളാണ് മൂന്നാമത്.
അഞ്ച് പുതിയ റെക്കാഡുകൾ ഇന്നലെ പിറന്നു. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടിയ ആൻസി സോജൻ റെക്കാഡ് ഡബിൾ തികച്ചു. ആൻസിയെക്കൂടാതെ
ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലെ പ്രതിഭ വർഗീസ്, സീനിയർ ആൺകുട്ടികളുടെ ഇതേയിനത്തിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസിലെ രോഹിത്. എ, ജാവലിൻ ത്രോയിൽ എറണാകുളം മാതിരപ്പിള്ളി സ്‌കൂളിലെ ജിബിൻ തോമസ്, സബ്ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോട് ചെറുവത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ സെർവാൻ. കെ.സി എന്നിവരാണ് ഇന്നലെ റെക്കോഡ് പുസ്തകത്തിൽ ഇടം നേടിയത്. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ 8 പുതിയ റെക്കാഡുകൾ സ്ഥാപിക്കപ്പെട്ടു. ഇന്നലെ അഞ്ച് പേർ മീറ്രിൽ ഇരട്ട സ്വർണ നേട്ടവും സ്വന്തമാക്കി.