modi-

ന്യൂഡൽഹി : ഭിന്നതകൾ മാറ്റിവച്ചുകൊണ്ട് ഒന്നിച്ച് നിൽക്കണമെന്ന് എൻ.ഡി.എ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഘടകകക്ഷികളോട് ആവശ്യപ്പെട്ടു. ജനവിധിയെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങളെതുടർന്ന് ശിവസേന വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാം ഒരു വലിയ കുടുംബമാണ്. ജനങ്ങൾക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ജനങ്ങൾ നമുക്ക് നൽകിയത് മികച്ച വിജയമാണ്. അതിനെ നമ്മൾബഹുമാനിക്കണം. ഒരുപോലെ ചിന്തിക്കുന്ന പാർട്ടികളാണ് നാമെല്ലാം. ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നമ്മുടെ ഐക്യത്തെ തകർക്കാന്‍ പാടില്ലെന്ന് മോദി പറഞ്ഞു.

ഞായറാഴ്ച നടന്ന എൻ.ഡി.എ യോഗത്തിൽ ശിവസേനയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടതായി എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രതികരിച്ചു. എൻ.ഡി.എയിലെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ശിവസേന ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.