kerala-

അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നാട്ടുകാർ. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും വേഗതയും കാരണം അപകടങ്ങൾ തുടർച്ചയായപ്പോഴാണ് വലിയ ഫ്ലക്സ് ബാനറുമായി നാട്ടുകാർ രംഗത്തെത്തിയത്.


'സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും'! വാഗമൺ ഉളുപ്പുണ്ണിയിൽ ട്രെക്കിംഗ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെയാണ് നാട്ടുകാർ ഇത്തരമൊരു ബോർഡുമായി രംഗത്തെത്തിയത്. വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകര്‍ക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിലാണ് സഞ്ചാരികളുമായി ട്രെക്കിംഗ് ജീപ്പുകൾ ചീറിപ്പായുന്നത്.

കൊടുംവളവ്, പാറക്കെട്ടുകൾ, കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ എന്നിവ നിറഞ്ഞ പ്രദേശത്ത് അപകട സാദ്ധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി.