ന്യൂഡൽഹി: അയോദ്ധ്യ ഭൂമിതർക്കക്കേസിലെ വിധി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിനെ ഡ്ജി എസ്. അബ്ദുൾ നസീറിന് ‘സെഡ്’ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. ജഡ്ജിക്കും കുടുംബത്തിനും പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ഭീഷണി ഉണ്ടെന്നും ഇതിനെ തുടർന്നാണ് സുരക്ഷ ഒരുക്കിയതെന്നും ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫിനോടും ലോക്കൽ പൊലീസിനോടും സുരക്ഷ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയും മറ്റ് ഏജൻസികളിൽ നിന്നും അദ്ദേഹത്തിന് ഭീഷണിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കർണാടകത്തിൽ താമസിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും സെഡ് കാറ്റഗറിയുണ്ടാകും. സെഡ് കാറ്റഗറിയിൽ അർദ്ധസൈനിക വിഭാഗത്തിലെയും പൊലീസിലെയും 22 പേരുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും വിധിക്കുശേഷം കേന്ദ്രസർക്കാർ സെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. അയോദ്ധ്യ വിധി പ്രഖ്യാപിച്ച ബെഞ്ചിൽ അംഗമായിരുന്ന നസീർ, ഭൂരിപക്ഷ വിധിക്കൊപ്പമായിരുന്നു. 2017-ൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ച ബെഞ്ചിലെ അംഗം കൂടിയാണ് അദ്ദേഹം.
നേരത്തെ അയോദ്ധ്യ വിധിക്കെതിരെ ക്യാമ്പസ് ഫ്രണ്ട് രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി അനീതി നിറഞ്ഞതും മതേതര ജനാധിപത്യ റിപബ്ലിക് ആശയങ്ങൾ ഉൾകൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണ്. ആ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് വിധിയെ സ്വാഗതം ചെയ്യാനാവില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി.