തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ 'മേയർ ബ്രോ' വി..കെ.പ്രശാന്തിന്റെ സ്വീകരണപരിപാടികളിൽ ആബാലവൃദ്ധം ജനങ്ങളാണ് അനുമോദനവുമായെത്തുന്നത്. മാലകളും റോസാപ്പൂക്കളുമായി നിരവധി പേരാണ് പുതിയ എം.എൽ..എയെ സ്വീകരിക്കാൻ തടിച്ചുകൂടിയത്.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം സ്വീകരണപരിപാടികളിൽ മാലകളും പൂക്കളും ഷാളുകളും നൽകുന്നതിന് പകരം പുസ്തകങ്ങൾ നൽകാൻ പ്രശാന്ത് ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പുസ്തകങ്ങൾ മണ്ഡലത്തിലെ ഒരു സ്‌കൂളിലെ ലൈബ്രറിക്ക് സമ്മാനമായി നൽകുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.
പ്രശാന്തിന്റെ പുതിയ ആഹ്വാനത്തെയും നാട്ടുകാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്വീകരണപരിപാടികളിലെല്ലാം സ്ത്രീകളും കുട്ടികളും പാർട്ടി പ്രവർത്തകരും എല്ലാം പുസ്തകങ്ങളുമായാണ് പുതിയ എം.എൽ.എയെ കാത്തുനിന്നത്. ഇന്ന് ഞായറാഴ്ച നടന്ന സ്വീകരണപരിപാടിയിലും പുസ്തകങ്ങൾ ലഭിച്ചു. പുസ്തകം വേണമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.. ഇന്ന് സർവവിജ്ഞാനകോശവും സ്വീകരണപരിപാടിയിൽ നിന്ന് ലഭിച്ചെന്ന് വി.കെ. പ്രശാന്ത് പറയുന്നു.