വാഴയിലയിൽ പൊതിഞ്ഞ ചോറ് മലയാളികളുടെ പ്രിയപ്പെട്ട രുചിയാണ്. സദ്യയ്ക്കും പൊതിച്ചോറിനും ഇലയടയുണ്ടാക്കാനും നമ്മൾ ഉപയോഗിക്കുന്ന വാഴയില പോഷകസമ്പന്നമായ ഇലക്കറിയാണെന്ന് അറിയാമോ?
പോളിഫിനോളുകൾ, ലിഗ്നിൻ, ഹെമിസെല്ലുലോസ്, പ്രോട്ടീനുകൾ, വിറ്റാമിൻ എ, കാൽസ്യം, കരോട്ടിൻ, സിട്രിക് ആസിഡ് എന്നിങ്ങനെ നിരവധി ആരോഗ്യഘടകങ്ങൾ വാഴയിലയിലുണ്ട്. ഇതിലുള്ള എപ്പിഗാലോകാറ്റേക്കിൻ എന്ന ആന്റി ഓക്സിഡന്റ് ഫ്രീറാഡിക്കലുകളെ ചെറുത്ത് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. രോഗാണുകാരികളായ ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കുന്ന വാഴയില അൾസർ, ചർമരോഗങ്ങൾ എന്നിവയെ അകറ്റുകയും അകാല വാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു.
ഇളം വാഴയില ഉപയോഗിച്ച് തയാറാക്കുന്ന തോരന് ഔഷധമൂല്യമുണ്ട്. വാഴയില അരിഞ്ഞ് കഞ്ഞിവെള്ളത്തിലിട്ട് കറ കളഞ്ഞതിന് ശേഷം തോരനുണ്ടാക്കാം. പ്രമേഹം, മൂത്രാശയരോഗങ്ങൾ, ഹൃദ്റോഗം എന്നിവയെ തടയാനും അത്ഭുതകരമായ കഴിവുള്ള വാഴയില രക്തം ശുദ്ധീകരിക്കും.