pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി യുവ ഐ.എ.എസുകാരിൽ നിന്നും മറ്റുമായി ആശയം തേടി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി യുവാക്കളായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച വിളിച്ചുചേർക്കും. തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിനെ ജനപ്രിയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2009ന് ശേഷം സംസ്ഥാനത്ത് ജോലിതുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഇതിനായി ക്ഷണിച്ചിരിക്കുന്നത്.

യോഗം നടക്കുന്നതിന് മുൻപ് ഇതിനായുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് ഇ-മെയിൽ വഴി ഉദ്യോഗസ്ഥർ അയക്കണം. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുകയാണ് ഉദ്ദേശം. ചൊവാഴ്ച നടക്കുന്ന ഈ യോഗത്തിന് മുന്നോടിയായി മുൻ ചീഫ് സെക്രട്ടറിമാരെയും മുൻ ഡി.ജി.പിമാരെയും മുഖ്യമന്ത്രി കാണും. വർഗബഹുജന സംഘടനകളെ വിളിച്ചുചേർത്തും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഭരണനിർവഹണം നടത്തുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരും സർക്കാരിന്റെ പദ്ധതികൾ അതിന്റെ പ്രാധാന്യമറിഞ്ഞ് നടപ്പാക്കുന്നവരാണെന്നും എന്നാൽ, ചുരുക്കം ചിലരുടെ മനോഭാവം ജനകീയ പദ്ധതികൾ സാധാരണക്കാരിലെത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുള്ള സന്ദേശം. ഈ സ്ഥിതി മാറ്റുന്നതിനായുള്ള നിർദ്ദേശങ്ങളാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥർ നൽകേണ്ടത്. സംഘടനാസംവിധാനവും ഭരണസംവിധാനവും ഒരുപോലെ ഉപയോഗിച്ചുകൊണ്ടുള്ള ജനകീയപ്രചാരണമാണ് പാർട്ടിയുടെയും സർക്കാരിന്റെയും ലക്ഷ്യം.

ഇതാണ് മുഖ്യമന്ത്രി യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കാരണമായത്. വകുപ്പുസെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നേരത്തേ തന്നെ വിളിച്ചുചേർത്തിരുന്നു. സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് അവരുടെ ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലല്ല, ഏറ്റെടുത്ത പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതിനായാണ് മന്ത്രിമാർ ഇനി ശ്രദ്ധിക്കേണ്ടതെന്നാണ് സി.പി.എം നൽകിയിരിക്കുന്ന നിർദ്ദേശം.