coconut-tree-

ചെർപ്പുളശേരി: കഴിഞ്ഞ ജൂലായിയിൽ ശാലേംകുന്ന് മസ്ജിദ് റഹ്മാൻ പള്ളിയിൽ നിന്ന് മോഷണം പോയ 1.88 ലക്ഷം രൂപ ചെളിയിൽ ദ്രവിച്ച നിലയിൽ കണ്ടെത്തി. ശ്രീധർമ്മ ശാസ്താ കോളേജ് ഉടമ ദാമോദരന്റെ വീട്ടുവളപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്.

തെങ്ങിന്റെ ചുവട് നന്നാക്കുന്നതിനിടയിൽ തൊഴിലാളികളാണ് പണം കണ്ടെടുത്തത്. സമീപത്ത് നിന്ന് പണം സൂക്ഷിച്ച ബാഗും കണ്ടെടുത്തു. ദാമോദരൻ ഈ തുക ചെർപ്പുളശേരി പൊലീസിൽ ഏല്പിക്കുകയായിരുന്നു.

പണമടങ്ങിയ ബാഗ് പള്ളിയിൽ വച്ച് മദ്രസ അദ്ധ്യാപകനായ ഇബ്രാഹിം മൗലവി നമസ്‌കാരത്തിനായി പോയ സമയത്താണ് കാണാതായത്. പള്ളിയിലെ പണമായിരുന്നു ഇതെന്നും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇബ്രാഹിം മൗലവി പറഞ്ഞു. കണ്ടെടുത്ത പണം ഉപയോഗിക്കാൻ പറ്റാത്ത വിധം ദ്രവിച്ച നിലയിലാണ്. എ.എസ്.ഐ സി.ടി.ബാബുരാജ്, രാംകുമാർ, മുരളീധരൻ, തുടങ്ങിയവർ പണം സ്റ്റേഷനിൽ നിന്ന് ഇബ്രാഹിം മൗലവിക്ക് കൈമാറി.