സിനിമാ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും. ഒരാൾ സംഗീത സംവിധായകനായി തിളങ്ങുമ്പോൾ മറ്റൊരാൾ പാട്ടുകൾ പാടി ആസ്വാദകരുടെ മനസിൽ ഇടം നേടി. വേറിട്ട ശബ്ദവും ആലാപന ശെെലിയുംകൊണ്ട് സിനിമാ സംഗീത രംഗത്ത് എം.ജി ശ്രീകുമാർ സജീവമായി. 1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മോഹൻലാലുമായുള്ള സ്വരച്ചേർച്ചയുമാണ് എം.ജി.ശ്രീകുമാറിനെ വലിയൊരു കാലം മലയാള സിനിമാരംഗത്ത് സജീവമായി നിലനിറുത്തിയത്. ഇപ്പോഴും സജീവ സാന്നിദ്ധ്യം.
അതുപോലെ മലയാളിത്തമുള്ള ഒരുപിടി പാട്ടുകളാണ് എം ജയചന്ദ്രൻ ആസ്വാദകർക്ക് സമ്മാനിച്ചത്. 1992ൽ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിൽ പാടുവാനുള്ള അവസരം ജയചന്ദ്രനെ തേടി എത്തിയതോടുകൂടി സംഗീത രംഗത്ത് മറ്റൊരു വഴിത്തിരിവായി. ആലാപന മികവുകൊണ്ട് നിരവധി ചിത്രങ്ങളിൽ പാടുകയും തുടർന്ന് സംഗീത സംവിധായകനായും തിളങ്ങി.
എം.ജിയും എം.ജെയും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവർതന്നെ. എന്നാൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കുമിടയിൽ പിണക്കങ്ങളുണ്ടായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, തങ്ങളിരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് സമ്മതിച്ചിരിക്കുകയാണ് എം.ജയചന്ദ്രൻ. അന്നത്തെ ആ പിണക്കത്തെ കുറിച്ച് മനസു തുറക്കുകയാണ് കൗമുദി ടി.വി താരപ്പകിട്ടിലൂടെ എം.ജയചന്ദ്രൻ.
"പ്രൊഫഷണലായി വർക്ക് ചെയ്യുമ്പോൾ അവിടെ പേഴ്സണലായിട്ടുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ പാടില്ല. അങ്ങനെ വന്നാൽ പ്രൊഫഷണലിസം ഉണ്ടാവില്ല. അതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പേർസണലായി കൂടെ വർക്ക് ചെയ്യുന്നവരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ശ്രീകുമാറേട്ടനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനെ കുറിച്ച് രണ്ടുപേരും സംസാരിച്ചു. തുടർന്ന് രമേഷ് പിഷാരടി ചെയ്ത സിനിമയ്ക്കു വേണ്ടി ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. പിഷാരടിയും മണിയൻപിള്ള രാജുചേട്ടനും ഉണ്ടായിരുന്നു. അവരാണ് രണ്ട് പേരും ഒന്നുകൂടെ വർക്ക് ചെയ്യണമെന്ന് പറഞ്ഞത്.
പ്രൊഫഷണലായിട്ട് ആ പാട്ട് ശ്രീകുമാറേട്ടൻ പാടിയാൽ നന്നാവുമെന്ന് എനിക്കറിയാം. എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായാലും അദ്ദേഹം ഒരു ഉഗ്രൻ പാട്ടുകാരനാണ്. ഞാൻ അതിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയിൽ ആ പാട്ട് പാടുന്നതിൽ തെറ്റില്ലെന്ന് എനിക്ക് തോന്നി. തെറ്റിദ്ധാരണകളെ കുറിച്ച് സംസാരിച്ചു. ശേഷമാണ് ടോപ്പ് സിംഗറിൽ വരുന്നത്. ഈ പരിപാടിയിൽ വന്നപ്പോൾ ചോട്ടന് കൂടുതൽ എന്നെ മനസിലാക്കാനും എനിക്ക് ചേട്ടനെ മനസിലാക്കാനും സാധിച്ചു. ഞങ്ങളെ യോജിപ്പിച്ചതിൽ ടോപ് സിംഗറിലെ കുട്ടികൾക്കും പങ്കുണ്ട്"-എം.ജയചന്ദ്രൻ പറയുന്നു.