murder-

നെടുമ്പാശേരി : അധോലോകത്തിലേക്ക് ശിഷ്യൻമാരെ കൈപിടിച്ച് ആനയിച്ച ഗുരുവിന് 50 വെട്ടിൽ ഗുരുദക്ഷിണ നൽകി ശിക്ഷ്യൻമാർ. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ 'ഗില്ലാപ്പി' എന്ന് വിളിക്കുന്ന ബിനോയിയെയാണ് (40) അതിക്രൂരമായി ശിഷ്യൻമാർ കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗില്ലാപ്പിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന 'അത്താണി ബോയ്സ്' എന്ന ക്വട്ടേഷൻ സംഘത്തിലെ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ശേഷവും പകയടങ്ങാത്ത സംഘം മൃതശരീരം വെട്ടിനുറുക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. ശനിയാഴ്ച ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ കൊലപാതകം നടന്നത്. ഇന്നലെ രാത്രി എട്ടരയോടെ ദേശീയപാതയിൽ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിന് മുന്നിലാണ് സംഭവം.


നാട്ടുകാർ നോക്കിനിൽക്കെയാണ് അക്രമണം. സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെല്ലാം സംഭവസ്ഥലത്ത് നിന്ന് ഓടിമാറി. 'അത്താണി ബോയ്സി'ൽ കുറച്ചുനാളുകളായി ഭിന്നതയുണ്ടായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


കൊല്ലപ്പെട്ടത് റൗഡി ലിസ്റ്റിൽപ്പെട്ട യുവാവ്

ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനോയി നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. റൂറൽ ജില്ലയിൽ അങ്കമാലി, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനകളിലായി ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം, കൊലപാതകശ്രമം, സംഘംചേർന്ന് കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ഇയാൾക്കെതിരെ കേസുണ്ട്. ഇതേത്തുടർന്ന് എ.വി. ജോർജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ മൂന്നുവർഷം മുമ്പ് ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.