sabarimala-women-entry-

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കോടതിയുടെ അന്തിമ വിധിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ നിലവിൽ വനിതാ പ്രവേശനത്തിന് സ്റ്റേയില്ലെങ്കിൽ കൂടി ദർശനത്തിനെത്തുന്ന യുവതികളെ തിരിച്ചയക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ വൈകി വരുന്ന വിവേകമാണ് പിണറായി സർക്കാരിനുള്ളതെന്ന് പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് ആർ.എസ്.പി നേതാവായ ഷിബു ബേബിജോൺ.

കഴിഞ്ഞ വർഷം ശബരിമലയിലെ സമാധാന അന്തരീക്ഷം തകർത്തത് ദുർവാശിയുമായി മുന്നോട്ട് പോയ പിണറായി സർക്കാരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. നവോത്ഥാനത്തിന്റെ ഇല്ലാ കഥകളുമായി മുന്നോട്ട് പോയതോടെയാണ് ഇതുണ്ടായത്. യു.ഡി.എഫ് നേതാക്കളും പൊതുസമൂഹവും അന്ന് മുന്നോട്ട് വച്ച വിവേകം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറായിരുന്നുവെങ്കിൽ നാട്ടിൽ സമാധാന അന്തരീക്ഷവും, വനിത മതിലുകെട്ടിയ തുകയും കൂടാതെ കേരളത്തിൽ ബി.ജെ.പിയെന്ന ശല്യവും അന്നേ തീർന്നു കിട്ടിയേനെ എന്നും ഷിബു ബേബിജോൺ അഭിപ്രായപ്പെടുന്നു. മലയാളി സമൂഹത്തിന്റെ മുന്നിലെ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?

കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ദുർവാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകർത്ത പിണറായി സർക്കാർ.!

ഈ വർഷം കോടതി വിധിവന്നപ്പോൾ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങൾ.!

ഇപ്പോൾ ദിവസങ്ങൾക്ക് ഉള്ളിൽ സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ.!

കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.!

ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കംമറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ.!

വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്‌ഢിത്തരങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്ന പിണറായി സർക്കാർ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികൾ. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!