1983 ന് ശേഷം 2011 ൽ ഇന്ത്യ ലോകകപ്പ് കിരീടം ചൂടുമ്പോൾ ഗൗതം ഗംഭീർ ക്ഷീണിതനായിരുന്നു. ചെളിയും മണ്ണും പറ്റിയ ഇന്ത്യൻ ജഴ്‌സിയിൽ അയാൾ ലോകകപ്പ് വേദിയിലാകെ ഓടിനടന്നെങ്കിലും അയാൾ ക്ഷീണിതനായിരുന്നു. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഗംഭീർ ലോകകപ്പേന്തി നിൽക്കുന്ന ചിത്രം ഇന്നും ഓർമ്മയിലുണ്ടാകും ഓരോ ക്രിക്കറ്റ് പ്രേമിക്കും. ഗൗതമിന്റെ നീലക്കുപ്പായത്തിൽ എങ്ങനെയാണ് ഇത്രയും മണ്ണും ചെളിയും പറ്റിയത്? അയാൾ എന്തുകൊണ്ടായിരുന്നു ഇത്രയും ക്ഷീണിതനായത്? ഇത് രണ്ടും സംഭവിച്ചില്ലായിരുന്നെങ്കിൽ 2011 ലോകകപ്പ് ഇന്ത്യയുടെ പേരിൽ കുറിക്കപ്പെടില്ലായിരുന്നു.
കാരണം റൺസൊന്നും എടുക്കാതെ ആദ്യ ഓവറിൽ തന്നെ പുറത്തേക്ക് പോയ വീരേന്ദർ സേവാഗും 31 റൺസിൽ നിൽക്കുമ്പോൾ സച്ചിനും കൂടാരം കയറിയപ്പോൾ ഇന്ത്യയുടെ പ്രതീക്ഷ കാത്തു സൂക്ഷിച്ചത് ഗൗതം ഗംഭീറായിരുന്നു. രണ്ടും കൽപ്പിച്ച് ക്രീസിൽ അജയ്യനായി നിന്ന ഗൗതം ഗംഭീർ ഇന്ത്യയെ വീണ്ടും ചരിത്രത്തിലേക്ക് ഉയർത്തുകയായിരുന്നു. അന്ന് തളരാതെ ബാറ്റ് വീശിയ ഗംഭീർ 97 റൺസ് നേടിയാണ് പുറത്തുപോയത്. ലോകകപ്പ് ഫൈനലിലെ സെഞ്ച്വറി എന്ന അപൂർവ നേട്ടം കൈവരിക്കാൻ സാധിക്കാത്തതിലുള്ള വിഷമം ഗംഭീറിനെ അലട്ടിയിരുന്നു. ഇപ്പോൾ ഇതാ അന്ന് സെഞ്ച്വറി അടിക്കാൻ സാധിക്കാതിരുന്നത് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഇടപെടൽ കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സച്ചിൻ പുറത്തുപോയപ്പോഴാണ് നാലാമനായി ധോണി ക്രീസിലെത്തുന്നത്. രണ്ടു പേരും കൂടെ 109 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി ശ്രീലങ്കയെ വിറപ്പിച്ചു. ഇന്ത്യയുടെ വിജയത്തിൽ ഏറെ നിർണായകമായിരുന്നു ധോണി-ഗംഭീർ കൂട്ടുക്കെട്ട്. ഒടുവിൽ 42ാമത്തെ ഓവറിൽ തിസാര പെരേരയ്ക്ക് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറിയ ഗംഭീർ 97 റൺസാണ് അന്ന് സ്വന്തമാക്കിയത്. സെഞ്ച്വറിക്ക് മൂന്ന് റൺസ് കുറവ്.
ഗൗതം ഗംഭീറിന്റെ വാക്കുകൾ
ക്രീസിൽ നിൽക്കുമ്പോൾ വ്യക്തിഗത സ്‌കോറിനെ പറ്റി ഞാൻ ആലോചിച്ചിരുന്നില്ല. 'ഞാൻ 97 റൺസ് നേടി നിൽക്കുകയായിരുന്നു. ശ്രീലങ്കയെ തോൽപ്പിക്കുക എന്നതു മാത്രമായിരുന്നു മനസിൽ. വ്യക്തിഗത നേട്ടത്തെ കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് ബാറ്റ് വീശിയത്. ഞാനും ധോണിയുമാണ് ക്രീസിലുള്ളത്. ആ സമയത്താണ് ധോണി എന്നോട് ഒരു കാര്യം പറയുന്നത്. 42 ഓവർ പൂർത്തിയായി. മൂന്ന് റൺസ് കൂടി നേടൂ, സെഞ്ച്വറി സ്വന്തമാക്കൂ' എന്ന്. അപ്പോഴാണ് വ്യക്തിഗത നേട്ടത്തെ കുറിച്ച് ഞാൻ ചിന്തിച്ചത്. അങ്ങനെ ചിന്തിച്ചതാണ് 43ാം ഓവറിൽ എന്റെ വിക്കറ്റ് നഷ്ടപ്പെടാൻ കാരണമായത്- ഗംഭീർ പറഞ്ഞു.
വ്യക്തിഗത സ്‌കോറിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചപ്പോൾ എന്റെ വിക്കറ്റ് നഷ്ടമായി. അതുവരെ ടീം വിജയിക്കുന്നതിനെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചിരുന്നത്. അന്ന് ഒരു പക്ഷേ ടീമിന്റെ വിജയം മാത്രം മുന്നിൽ കണ്ടിരുന്നെങ്കിൽ ഞാൻ സെഞ്ച്വറി അടിക്കുമായിരുന്നു. എന്റെ സെഞ്ച്വറി മൂന്ന് റൺസ് അകലെ നഷ്ടമായി. ഈ മൂന്ന് റൺസ് എന്നെ ഭാവിയിൽ അസ്വസ്ഥനാക്കുമെന്ന് കരുതിയാണ് ഞാൻ ക്രീസ് വിട്ടുപോയത്. ഇപ്പോൾ അത് യാഥാർത്ഥ്യമായി. എന്നോട് പലരും ചോദിക്കുന്നുണ്ട് അന്ന് എന്തുകൊണ്ട് മൂന്ന് റൺസ് നേടാനായില്ല എന്ന് - ഗംഭീർ പറഞ്ഞു.