വാട്സാപ്പിലൂടെ എംപി 4 ഫയലുകൾ ആരെങ്കിലും അയച്ചാൽ അത് ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത്! വാട്സാപ്പിലെ ഒരു ബഗ്(വൈറസ്) മുതലാക്കിക്കൊണ്ട് നിങ്ങളുടെ മൊബൈലിൽ ചാരപ്പണി നടത്താനായുള്ള ഹാക്കർമാരുടെ ശ്രമം ആകാമത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് യൂസർമാരെയാണ് ഈ പുതിയ തട്ടിപ്പ് ഉപയോഗിച്ചുകൊണ്ട് ഹാക്കർമാർ ലക്ഷ്യമിടുന്നത്. ഈ എംപി 4 ഫയൽ ഡൗൺലോഡ് ചെയ്‌താൽ നിങ്ങളുടെ ഫോണിലെ സുപ്രധാന വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് നിഷ്‌പ്രയാസം സാധിക്കും. റിമോട്ട് കോഡ് എക്സിക്യൂഷൻ, ഡിനയൽ ഒഫ് സർവീസ് സൈബർ അറ്റാക്കുകൾക്കാണ് ഈ പ്രത്യേക തരത്തിലുള്ള എംപി 4 ഫയലുകൾ വഴിയൊരുക്കുക.
പ്രത്യേകതരത്തിൽ പ്രോഗ്രാം ചെയ്ത ഈ എംപി 4 ഫയലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വാട്സാപ്പിന്റെ ഉടമകളായ ഫേസ്ബുക്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. വാട്സാപ്പിന്റെ എംപി 4 ഫയൽ ഹാൻഡ്‌ലറിലെ ഒരു ന്യൂനതയാണ് ഹാക്കർമാർ ചൂഷണം ചെയ്യുന്നത്. എന്നാൽ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ ഹാക്കർമാരിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നാണ് ടെക്ക് വിദഗ്ദർ പറയുന്നത്. ഏതാനും നാളുകൾക്ക് മുൻപാണ് ഇസ്രായേലി സൈബർ സെക്യൂരിറ്റി കമ്പനിയായ എൻ.എസ്.ഒ 'പെഗസസ്' എന്ന സോഫ്ട്‌വെയർ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ പൗരന്മാരുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത്. സ്മാർട്ട്ഫോണുകളിലെ വീഡിയോ കോളിംഗ് ആപ്പിലൂടെ ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ ചോർത്താനാണ് കമ്പനി ശ്രമിച്ചത്.