-shobana

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശോഭനയോടൊപ്പം സുരേഷ് ഗോപിയും, ദുൽഖറും കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടവേളയിൽ പകർത്തിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ശോഭന തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.

'ഞാൻ അവസാനമായി ഒരു ബസിൽ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. നാടോടിക്കാറ്റ്, ടി.പി ബാലഗോപാലൻ എം.എ, സസ്‌നേഹം, കളിക്കളം എന്നീ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ ശോഭന നായികയായെത്തിയിരുന്നു. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേര് നിർണയിച്ചിട്ടില്ല. 2016ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.