fathima

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് (19)​ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.ഐ.ടിയിലെ മൂന്ന് അദ്ധ്യാപകർക്ക് ക്രൈബ്രാഞ്ചിന്റെ നോട്ടീസ്. സുദർശൻ പത്മനാഭൻ,ഹേമചന്ദ്രൻ,മിലിന്ദ് എന്നിവർക്കാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

അതേസമയം, ഫാത്തിമയുടെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആഭ്യന്തര അന്വേഷണം മദ്രാസ് ഐ.ഐ.ടി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തെക്കുറിച്ച് പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് ഇന്ന് രാവിലെ ഐ.ഐ.ടി അധികൃതർ പറഞ്ഞിരുന്നു. മറുപടിയിൽ തൃപ്‌തരല്ലെന്ന് വിദ്യാർത്ഥികൾ അപ്പോൾത്തന്നെ വ്യക്തമാക്കിയിരുന്നു.

മകളുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്‌ക്കകം അറസ്റ്റു ചെയ്യണമെന്നും, അങ്ങനെ സംഭവിച്ചില്ലെങ്കിൽ തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എം.എ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ ഫാത്തിമയെ നവംബർ ഒമ്പതിനാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ധ്യാപകനായ സുദർശൻ പത്മനാഭൻ അടക്കമുള്ള ഫാക്കൽട്ടി അംഗങ്ങൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, മതപരമായ വേർതിരിവ് പ്രകടമാക്കിയിരുന്നുവെന്നും ഫാത്തിമയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഫാത്തിമയുടെ ഫോണിൽ നിന്നാണ് തങ്ങൾക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു.