തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി മോഹൻലാൽ ചിത്രം ഒടിയന്റെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി ക്രൈംബ്രാഞ്ച് എടുക്കും. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ അടക്കമുള്ളവരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സെറ്റിൽവച്ച് കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ തന്നോട് കയർത്തു സംസാരിച്ചെന്നും മോശമായി പെരുമാറിയെന്നും മഞ്ജു പരാതിയിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിക്കാനാണ് സെറ്റിലുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ സജി സി. ജോസഫ്, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെറ്റിലുണ്ടായിരുന്നവരുടെ കൂടി മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികളിലേയ്ക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ശ്രീകുമാർ മേനോൻ തനിക്കെതിരെ ദുഷ്‌പ്രചരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാര്യർ മൊഴി നൽകിയിരിക്കുന്നത്. തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി സി.ഡി. ശ്രീനിവാസനായിരുന്നു മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. തന്നെ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും മഞ്ജു അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഒടിയൻ സിനിമയ്ക്ക് ശേഷം താൻ നേരിട്ട സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും നടി പറയുന്നു.