ന്യൂഡൽഹി: ഏറ്റവും കരുത്തുറ്റ ഉപരിതല-ആകാശ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈൽ വാങ്ങുന്നതിനായുള്ള പണം ഇന്ത്യ റഷ്യക്ക് നൽകി തുടങ്ങി. തുടക്കത്തിൽ 850 ദശലക്ഷം ഡോളറാാണ് (ഏകദേശം 6104കോടി രൂപ) ഇന്ത്യ റഷ്യക്ക് കൈമാറിയത്. അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങാതെയാണ് ഇന്ത്യ റഷ്യയിൽ നിന്നും മിസൈൽ വാങ്ങാൻ തീരുമാനിച്ചത്. എസ്-400ന്റെ ആദ്യ യൂണിറ്റുകൾ 18 മാസത്തിനുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ചാരവിമാനങ്ങൾ, ബോംബറുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ, 380 കി.മീ വരെ ദൂരപരിധിയിലുള്ള ഡ്രോണുകൾ തുടങ്ങിയവ കണ്ടെത്തി നശിപ്പിക്കാൻ തക്ക ശേഷിയുള്ളവയാണ് റഷ്യയിൽ വികസിപ്പിച്ചെടുത്ത എസ്-400 ട്രയംഫ് മിസൈലുകൾ. കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽസംവിധാനം (എസ്.എ.എം) ആണിത്. ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ചെറുത്ത് എല്ലാ പഴുതുകളും അടച്ചിട്ടാണ് ഇന്ത്യ റഷ്യയ്ക്ക് പണം കൈമാറിയിരിക്കുന്നത്. റഷ്യയുമായി ഒപ്പുവച്ച ആയുധകരാർ റദ്ദാക്കാൻ പലവഴികളും അമേരിക്ക ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഇടപാടിന്റെ 15 ശതമാനം തുകയാണ് ഇന്ത്യ റഷ്യക്ക് കൈമാറിയത്.
ഇതിനിടെ റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കിയിരുന്നു.
2018 ഒക്ടോബറിൽ റഷ്യയിലെ മോസ്കോയിൽനടന്ന 19-ാമത് ഇന്ത്യ- റഷ്യ സൈനികസഹകരണ ചർച്ചയിലാണ് അത്യാധുനിക മിസൈലുകൾ വാങ്ങാനുള്ള തീരുമാനമായത്. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചായിരുന്നു ഇത്. 2020നും 23നും ഇടയിൽ മിസൈലുകൾ കൈമാറാനാണ് കരാർ. റഷ്യയുമായുള്ള കരാറിന് പുറമെ, 59,000 കോടി മുടക്കി ഫ്രാൻസിൽനിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളും കൂടിയെത്തുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വലിയതോതിലാണ് വർദ്ധിക്കുക. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ചൈനയും സമാനമിസൈൽ സംവിധാനം റഷ്യയിൽനിന്ന് വാങ്ങിയിരുന്നു.
അതേസമയം, അഞ്ച് എസ്-400 യൂണിറ്റുകളുടെയും ഡെലിവറി ഷെഡ്യൂൾ 2025 ലേക്ക് വൈകുന്നത് സംബന്ധിച്ച് ചില ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ പണമടച്ചതോടെ ആദ്യത്തെ സിസ്റ്റം 16 മുതൽ 18 മാസത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.