നടപ്പാക്കാൻ നിശ്ചയിച്ച് ഏതാണ്ട് മൂന്നുവർഷത്തിൽ ചട്ടനിർമ്മാണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുക്കി വിജ്ഞാപനം ചെയ്യപ്പെട്ട കേരള ഭരണസർവീസ്, ബിരുദധാരികളായ കേരളത്തിലെ ചെറുപ്പക്കാർക്ക് 60 വർഷം വൈകി വരുന്ന വലിയ അവസരം തന്നെയാണ്. മിനിസ്റ്റീരിയൽ സർവീസുകാരുടെ ആരാധകന്മാരായ ചില പഴയ താപ്പാനകൾ നടത്തിയ കടുത്ത ലോബിയിംഗിനെ അതിജീവിച്ചാണ് കെ.എ.എസ് വിജ്ഞാപനം ചെയ്യുന്നത്.
സർക്കാരിന്റെ ഇച്ഛാശക്തി ഇതിൽ വലിയ ഘടകമാണെന്ന് വ്യക്തം. നാലുസർക്കാരുകൾ നടപ്പിലാക്കാൻ വൈകിയ സർവീസ് രൂപീകരണമാണ് നടപ്പായിരിക്കുന്നത്. എന്നാൽ എസ്.എം.വിജയാനന്ദടക്കം ആഗ്രഹിക്കുന്ന, ഐ.എ.എസിനോട് കിടപിടിക്കുന്ന ഭാവി സ്വാഭാവികമായി മാത്രം കെ.എ.എസിൽ വളരുകയില്ല.
രണ്ടുഘട്ടമുള്ള എഴുത്തുപരീക്ഷ യു.പി.എസിയുടെ സുരക്ഷാ മാനദണ്ഡം പാലിച്ച് പി.എസ്.സി നടത്തേണ്ടതുണ്ട്. സമീപകാലത്തെ അനുഭവങ്ങൾ പി.എസ്.സിയെ കൂടുതൽ ജാഗരൂകരാക്കും എന്നതിൽ സംശയമില്ല.എന്നാൽ ഒബ്ജക്ടീവ് സ്വഭാവമുള്ള പ്രാഥമിക പരീക്ഷയിൽ ക്രമക്കേടുകൾ ഒഴിവാക്കാൻ 'നീറ്റ് " മാതൃകയിൽ കടുത്ത മുൻകരുതൽ എടുത്തോ മെയിൻ പരീക്ഷാ പേപ്പറുകൾ ചോദ്യകർത്താക്കളുടെയും മൂല്യനിർണയ വിദഗ്ദ്ധരുടെയും അഭാവം മൂലമോ ഫലം വൈകിയാൽ വർഷം തോറും നിയമനം എന്ന ചിട്ട തെറ്റും. പത്തുലക്ഷം പേർ എഴുതുന്ന ഐ.എ.എസിൽ എല്ലാവർഷവും ഫലം പ്രഖ്യാപിച്ച് സെപ്തംബറിൽ ട്രെയിനികൾക്ക് മുസോറിയിൽ പരിശീലനം തുടങ്ങും. നിയമന ടൈം ടേബിൾ പിശകിയാൽ ഉദ്യോഗാർഥികളുടെ സർവീസ് കാലം ഏറെ കുറയും.
പി.എസ്.സി പരിഹരിക്കേണ്ട രണ്ടാമത്തെ വൈതരണിയാണ് പി.എസ്.സി അംഗങ്ങളെ കെ.എ.എസ് പോലെ ഒരു വകുപ്പുരഹിത സർവീസിന്റെ അഭിമുഖം നടത്താൻ സജ്ജരാക്കുക എന്നത്. ഒന്നാമത് നിലവിൽ പി.എസ്.സി യിലെ ഒരംഗവും ഒരു കേന്ദ്ര സർവീസ് പശ്ചാത്തലമുള്ളയാളല്ല. ഇരുപതുവർഷമായി പി.എസ്.സി അഭിമുഖങ്ങൾക്ക് പങ്കെടുത്ത പരിചയത്തിൽ പറയട്ടെ, ഒരു ചോദ്യോത്തരവേളയോ പ്രശ്നോത്തരിയോ അല്ല അഭിമുഖം എന്നറിയാത്ത പല അംഗങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം നടത്താൻ തന്നെ പ്രാഥമിക പരിശീലനം പി.എസ്.സി അംഗങ്ങൾക്ക് വേണ്ടിവരും. കുറഞ്ഞത് പരിചയമുള്ള ഒരു ഐ.എ.എസ് / ഐ.പി.എസ് ഉദ്യോഗസ്ഥനെയെങ്കിലും കൂടാതെ ഈ അഭിമുഖം നടത്തിയാൽ അപകടമാകും. സർവീസിൽ വേണ്ട ആശയവിനിമയശേഷി, പെരുമാറ്റ സൗകുമാര്യം എന്നിവയെപ്പറ്റി ബോർഡംഗത്തിന് അറിവുണ്ടായേ പറ്റൂ.
ഇതെല്ലാം തരണം ചെയ്ത് നിയമനം നടത്തിയാൽ കെ.എ.എസ്.നേരിടാൻ പോകുന്ന ഏറ്റവും വലിയ കടമ്പ അതിന്റെ സംഘടിതമായ പരിശീലനമാണ്. പരിശീലനവും പരിചയവുമാണ് ഐ.എ.എസിന്റെ അവസരത്തിലും ചിലപ്പോൾ അനവസരത്തിലുമുള്ള ആത്മവിശ്വാസം നൽകുന്നത്. 'മുഖദാവിലും സഭയിലും" പെരുമാറാനുള്ള പരിശീലനം മുതൽ കായികമായ അടിസ്ഥാന സിദ്ധിവരെ പരിശീലിപ്പിക്കാൻ മുസോറി സജ്ജമാണ്. ഉദ്യോഗസ്ഥ ജീവിതത്തിന് ഒരാമുഖം നൽകാൻ ഒരു ചെറുപട്ടണം തന്നെ ഡെറാഡൂണിൽ സ്ഥിതിചെയ്യുന്നു.
എന്നാൽ കേരളത്തിൽ ഇന്ന് ഇതിനു സജ്ജമായ ഒരു സ്ഥാപനവും ഇന്നില്ല എന്നുപറയാം. ഐ.ഐ.എമ്മിനെയും കിലയെയും ഐ.എം.ജി യെയും ഒന്നും കാണാതെയല്ല ഇത് പറയുന്നത്. മുസോറിയുടെ പല ഘടകങ്ങളും കേരളത്തിൽ വേണ്ടതില്ലായിരിക്കാം. എന്നാൽ മുസോറി അതിന്റെ ഘടകങ്ങളുടെ ആകെത്തുക മാത്രമല്ല. അതിന്റെ 'മിസ്റ്റും' (മൂടൽ മഞ്ഞും) മിസ്റ്ററിയും ഐ.എ.എസ്. മിത്തുകളെ സൃഷ്ടിച്ച് പോറ്റുന്ന നിധിയാണ്. മേൽ സൂചിപ്പിച്ച കേരളത്തിലെ സ്ഥാപനങ്ങളുടെ കഴിവിൽ എനിക്കു സംശയമില്ല. എന്നാൽ ഒരു മൾട്ടി ഡിപ്പാർട്ട്മെന്റൽ സർവീസിനെ സമഗ്രമായി പരിശീലിപ്പിക്കാനുള്ള ക്രമീകരണം അവയ്ക്കെത്ര സാദ്ധ്യമാകും എന്നറിയില്ല.
മുസോറി മാതൃകയിൽ മൂന്നാറിലെ തണുപ്പിൽ ഒരു പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ആലോചിക്കണോ? അറിയില്ല. ഡൽഹിയുടെ സ്വാധീനത്തിൽ നിന്ന് അകന്നു നിൽക്കാനാണ് ജി.ബി. പാന്ത് പണ്ട് ലാൽ ബഹദൂർ ശാസ്ത്രിയുടെ അനുഗ്രഹത്തോടെ ഐ.എ.എസ് അക്കാഡമി മുസോറിക്ക് മാറ്റിയത്. ഡൽഹിയിൽ ട്രെയിനികൾ വാരാന്ത്യം വീട്ടിലേക്കു പോകും. പരിശീലനത്തിൽ വേണ്ട ഏകാഗ്രതയില്ല. അധികാരത്തിന്റെ സ്വാധീനവും കൂടുതൽ പരിശീലനത്തിനുവേണ്ട സ്വകാര്യതയും ദൂരവും കിട്ടാനാണ് ഡൽഹി മെറ്റ്കാഫ് ഹൗസ് വിട്ട് മുസോറിക്ക് ഐ.എ.എസ് വണ്ടി കയറിയത്.
കെ.എ.എസിനായി പ്രത്യേകം തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെ.എ.എസുകാർ നിയമിതരാകുന്ന വകുപ്പുതല തസ്തികകളിൽ പ്രമോഷൻ നഷ്ടപ്പെടുന്നവരുടെ ചില വ്യവഹാരങ്ങളും പ്രതീക്ഷിക്കാം. അതാതു സ്പെഷ്യൽ റൂളുകൾ (കെ.എ.എസ് ചട്ടം അങ്ങനെ പറയുന്നെങ്കിലും) കെ.എ.എസ് ഉദോഗസ്ഥനെ യോഗ്യനായി കണ്ട് ഭേദഗതി ചെയ്തിട്ടില്ല. വകുപ്പുകളിലെ മത്സരം അതിജീവിച്ച് കെ.എ.എസ് വളരും എന്ന് തന്നെ വിചാരിക്കാം. താപ്പാനകളുടെ ചതിക്കുഴിയിൽ വീഴാതെ കെ.എ.എസ് പശു വളർന്ന് വികസനത്തിന്റെ പാലുതരും എന്നുതന്നെ പ്രതീക്ഷിക്കാം.
(അഭിപ്രായം വ്യക്തിപരം)