വൃദ്ധൻ വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി.
അലിയാർ അയാളുടെ ഓരോ ഭാവവും ശ്രദ്ധിച്ചുനിൽക്കുകയാണ്.
വൃദ്ധന്റെ ചുണ്ടുകൾ ചലിക്കുന്നതു കണ്ടു.
''ഇത്... ഇത്.... പാഞ്ചാലി തമ്പുരാട്ടീടേതല്ലേ..."
വിറയ്ക്കുന്ന കൈ നീട്ടി അയാൾ ഫോട്ടോ വാങ്ങി.
''അതെ." സി.ഐ അലിയാർ സമ്മതിച്ചു. ''അറിയുമോ നേരത്തെ ഇവളെ?"
''അറീം. എത്രയോ വട്ടം ഞങ്ങക്ക് ചോറു വെളമ്പിത്തന്നിരിക്കുന്നു... രാമഭദ്രൻ തമ്പുരാൻ ഒള്ളപ്പം. പിന്നെ ദക്ഷിണേം തുണീം ഒക്കെ..."
വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു.
''ഈ തമ്പുരാട്ടിക്കുട്ടിക്ക് എന്തു സംഭവിച്ചു എന്നറിയാമോ?"
വൃദ്ധൻ തലകുലുക്കി.
പുകയിലക്കറ പിടിച്ച അയാളുടെ പല്ലുകൾ ഞെരിയുകയും കുഴിഞ്ഞ കണ്ണുകൾ പുറത്തേക്കു തള്ളുകയും ചെയ്തു.
''കൊന്നതാ... തമ്പുരാട്ടിക്കുട്ടീനെ... ഞങ്ങക്കൊറപ്പാ..."
അലിയാർ മറ്റു മുഖങ്ങളിലേക്കും ശ്രദ്ധിച്ചു.
സ്ത്രീപുരുഷഭേദമില്ലാതെ എല്ലാവരിലും ഒരുതരം പക കത്തുന്നു.
അയാൾ വിഷയം മാറ്റി.
''രാമഭദ്രൻ തമ്പുരാൻ നിങ്ങളെ സഹായിക്കുമായിരുന്നു. അല്ലേ?"
''ഒത്തിരി... പ്രയാസകാലത്ത് അരീം മറ്റ് സാധനങ്ങളുമൊക്കെ തന്നിരുന്നു."
ഇവിടെ അവർ പോലീസുമായി സംസാരിച്ചുകൊണ്ടുനിൽക്കുമ്പോൾ ഒരു കുടിലിന്റെ ചതുരത്തിൽ കമ്പുകെട്ടിയുണ്ടാക്കിയ കിളിവാതിൽ പോലെയുള്ള ജനാലയ്ക്കു പിന്നിൽ ഒരാൾ നോക്കിനിന്നിരുന്നു.
കരിമ്പടം പുതച്ച, കത്തിക്കരിഞ്ഞതുപോലെ ഒരു രൂപം.
യാദൃച്ഛികമായി അലിയാരുടെ കണ്ണുകൾ അവിടെ പതിഞ്ഞു. അയാൾ എസ്.ഐ സുകേശിന് ഒരു സിഗ്നൽ നൽകി.
സുകേശും സൂത്രത്തിൽ അവിടേക്കു നോക്കി. പക്ഷേ അപ്പോൾ ആരും അവിടെയില്ലായിരുന്നു.
''എങ്കിൽ ഞങ്ങൾ മടങ്ങുകയാണ്."
അലിയാർ കാണിയുടെ കയ്യിൽ നിന്നു ഫോട്ടോ വാങ്ങി.
വൃദ്ധന്റെ മുഖത്ത് ഒരാശ്വാസഭാവം മിന്നി.
ഒരു കോണിൽ ചാക്കിൽ എന്തോ നിരത്തിയിരിക്കുന്നത് അലിയാർ കണ്ടു.
''അതെന്താ?"
'കുന്തിരിക്കമാ സാറേ..."
വൃദ്ധൻ അറിയിച്ചു.
''ഈ ഭാഗത്ത് കുന്തിരിക്കം മരം ഉണ്ട്. അല്ലേ?"
''ഉണ്ട്."
അലിയാർ തലയാട്ടി.
''ചിലപ്പോൾ എനിക്ക് കുറച്ചു കുന്തിരിക്കം വേണ്ടിവരും."
''ഇപ്പോ വേണോ സാറേ. തരാം." വൃദ്ധൻ തിരിയാൻ ഭാവിച്ചു.
''വേണ്ടാ." അലിയാർ ചിരിച്ചു. ''ആവശ്യമുള്ളപ്പോൾ ഞാൻ പറയാം. പിന്നെ..."
അലിയാർ കാണിയുടെ തോളിൽ കൈവച്ചു.
''ഞാൻ പറഞ്ഞ കാര്യം മറക്കരുത്. സംശയമുള്ള ആരെ ഈ കാട്ടിൽ കണ്ടാലും വിടരുത്. വിട്ടാൽ... കുറ്റം ചെയ്യുന്നതുപോലെ തന്നെയാണ് കുറ്റവാളിയെ രക്ഷിക്കുന്നതും.""
കടുത്ത സ്വരമായിരുന്നു അലിയാരുടേത്.
വൃദ്ധന്റെ കണ്ണുകളിൽ പേടിയുടെ നിഴൽ...
''ഞങ്ങൾ അങ്ങനാരേം രക്ഷിക്കത്തില്ല സാറേ..."
''നന്നായി."
അലിയാർ തന്റെ സംഘത്തെയും കൂട്ടി തിരിഞ്ഞു നടന്നു. അതിനിടെ സൂത്രത്തിൽ ഇടംവലം നോക്കി.
ഒരു മരത്തിന്റെ മറവിൽ നിന്ന് കരിമ്പടം പുതച്ചയാൾ പിന്നോട്ടു നീങ്ങുന്നതു കണ്ടു.
നേരം സന്ധ്യയാകുകയാണ്.
താഴ്വരയിൽ നിന്ന് ആ സംഘം കുന്നിൻമുകളിലെത്തി.
''ഇനി എല്ലാവരും ഹെഡ്ലൈറ്റ് എടുത്തുവച്ചോ... വളരെ പെട്ടെന്നാവും ഇവിടെ ഇരുൾ പരക്കുന്നത്."
മറ്റുള്ളവർ ബാഗിൽ നിന്ന് ഹെഡ്ലൈറ്റുകൾ എടുത്തു. അത് ശിരസ്സിലുറപ്പിച്ചു.
ഇനി കുന്നിന്റെ അങ്ങേ ചരിവിലേക്ക് ഇറങ്ങുകയാണ്.
''സാർ..."
പെട്ടെന്ന് എസ്.ഐ സുകേശ് തിരക്കി.
''ശരിക്കും നമ്മളിവിടെ വന്നത് ആ കമ്പിളിയെക്കുറിച്ച് അന്വേഷിക്കാനോ അതോ..."
''കമ്പിളി മാത്രമല്ല സുകേശാ... കണ്ണിൽ പെടാത്ത പലതും എനിക്കവിടെ കാണാൻ കഴിഞ്ഞു. അത് തന്നെയായിരുന്നു എന്റെ ലക്ഷ്യവും. അത് വിജയിച്ചു.
ഇപ്പോൾ ഒരു കാര്യം കൂടി എനിക്കുറപ്പായി. വടക്കേ കോവിലകത്ത് കുന്തിരിക്കത്തിന്റെ ഗന്ധം ഉണ്ടാകുന്നതിന്റെ വഴി. ങ്ഹാ. തൽക്കാലം കൂടുതലൊന്നും പറയുവാൻ നിവർത്തിയില്ല. എന്നാൽ ഒന്നുറപ്പിക്കാം. ഈ കേസിന്റെ പരിസമാപ്തി ആരും കരുതാത്ത രൂപത്തിലായിരിക്കും."
അലിയാർ സാറിന് വ്യക്തമായ എന്തൊക്കെയോ തെളിവുകൾ കിട്ടിയിട്ടുണ്ട്. എസ്.ഐ സുകേശിനുറപ്പായി.
നേരം കുറച്ചുകൂടി ഇരുട്ടി. എല്ലാവരും ഹെഡ്ലൈറ്റുകൾ തെളിച്ചു.
എവിടെയോ ആനയുടെ ചിന്നംവിളി കേട്ടു. അവർക്ക് ഉൾക്കിടിലമുണ്ടായി.
ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടുപോയാൽ തങ്ങൾ എങ്ങനെ രക്ഷപെടും?
ഭീതി പക്ഷേ ആരും പുറത്തു പ്രകടിപ്പിച്ചില്ല.
നേരം പുലർന്നു.
പക്ഷേ വടക്കേ കോവിലകത്തെ നിലവറയ്ക്കുള്ളിൽ ഇരുട്ടായിരുന്നു.
പണിക്കാരൻ യശോധരൻ തന്റെ സെൽഫോൺ എടുത്തുനോക്കി.
ഏഴര...
ഇവിടെ ഫോൺ ചാർജ് ചെയ്യാനും സാധിക്കില്ല. തന്റെ ഫോണിന്റെ ബാറ്ററി ചാർജും തീരാറായിരിക്കുന്നു എന്ന് അയാൾ അറിഞ്ഞു.
ഇരുളിൽ തപ്പിത്തടഞ്ഞ് യശോധരൻ മെഴുകുതിരി തെളിച്ചു.
ഉണർന്നു കിടക്കുകയായിരുന്ന കിടാക്കന്മാരും എഴുന്നേറ്റു.
പ്രാഥമിക കൃത്യങ്ങൾ നടത്താൻ പോലും വേറൊരിടമില്ല. അവർ പരസ്പരം നോക്കി....
(തുടരും)