
തിരുവനന്തപുരം: മാർക്ക് മോഡറേഷൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലർ മഹാദേവൻ പിള്ളയെ കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ വിളിപ്പിച്ചു. യൂണിവേഴ്സിറ്റി മോഡറേഷൻ മാർക്ക് ദാന വിഷയം വിവാദമായതിനെ തുടർന്നാണ് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ വി.സിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം നടന്ന് വരികയാണെന്നും വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിനായി ശുപാർശ ചെയ്തിട്ടുണ്ടെന്നുമുള്ള കാര്യം വി.സി മഹാദേവൻ പിള്ള ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. യൂണിവേഴ്സിറ്റി നടത്തിയ ആഭ്യന്തരാന്വേഷണത്തിൽ മാർക്ക് നൽകിയതിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ നടന്ന 12 യൂണിവേഴ്സിറ്റി പരീക്ഷകളിൽ നൽകിയ മാർക്കുകളിലാണ് ക്രമക്കേട് സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയത്. എന്നാൽ ഈ ക്രമക്കേടിലൂടെ എത്ര വിദ്യാർത്ഥികൾക്ക് നേട്ടം ഉണ്ടായിട്ടുണ്ടെന്ന കാര്യം ഇനി വേണം കണ്ടെത്താൻ. മാർക്ക് നൽകിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ടെക്നോളജി വിദഗ്ദ്ധരെ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് ചുമതലപ്പെടുത്തിയിരുന്നു. മാർക്ക് ലിസ്റ്റിൽ ക്രമക്കേട് വരുത്തിയെന്ന് ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.