ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഘർഷം രൂക്ഷമായതോടെ ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്മാറണമെന്ന് ജെ.എൻ.യു വൈസ് ചാൻസിലർ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയുണ്ടായി. സമരം തുടരുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് വി.സി അവരോട് പറഞ്ഞത്.
വിദ്യാർത്ഥി മാർച്ച് തടഞ്ഞുകൊണ്ട് പൊലീസ് ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. മാർച്ചിനെ തുടർന്ന് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ജെ.എൻ.യു സമരത്തിൽ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവിലെ ഫീസ് തങ്ങൾ അംഗീകരിക്കില്ലെന്നും സമരത്തിൽ നിന്നും പിന്മാറുകയില്ലെന്നും വിദ്യാർത്ഥികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.