''എന്താടാ?"
ശ്രീനിവാസകിടാവ് യശോധരനെ തുറിച്ചുനോക്കി. ''ആരാ പുറത്തുവന്നത്?"
യശോധരന് പരിഭ്രമം കാരണം നാവനക്കുവാൻ കഴിഞ്ഞില്ല.
''എടാ വേഗം പറ." ശേഖരകിടാവ് തിടുക്കപ്പെട്ടു.
''പോലീസാ. സി.ഐ അലിയാരും സംഘവും."
''ങ്‌ഹേ?" ശിരസ്സിൽ ഒരു ബോംബു പതിച്ചതുപോലെ കിടാക്കന്മാർ നടുങ്ങി.
അവർ പരസ്പരം തുറിച്ചുനോക്കി.
''യശോധരാ...." വേവലാതിയോടെ എം.എൽ.എ ശബ്ദം താഴ‌്‌ത്തി.
''നമ്മൾ ഇവിടെയുണ്ടെന്നുള്ളതിന്റെ യാതൊരു സൂചന പോലും അയാൾക്കു കിട്ടരുത്. പെട്ടെന്നു പോയി നമ്മുടെ സാധനങ്ങൾ ഒളിപ്പിക്ക്. ഫ്രിഡ്ജും ഓഫു ചെയ്തിട്."
യശോധരൻ അടുക്കളയിലേക്കോടി.
''ചേട്ടാ... നമ്മൾ എവിടെയൊളിക്കും?" ശേഖരൻ ശ്രീനിവാസകിടാവിനോടു തിരക്കി.
കിടാവിന്റെ കണ്ണുകൾ ഇടം വലം വെട്ടി.
''നിലവറയിൽ ഇനി കയറുന്നത് സെയ്‌ഫല്ല. നീ വാ..."
കിടാവ് മുന്നിൽ ഓടി. പിന്നാലെ ശേഖരനും.
ആദ്യം അവർ നിലവറയുടെ വാതിൽ ചേർത്തടച്ചു. പിന്നെ തുറക്കപ്പെട്ട താഴ് ആണെങ്കിലും അതിൽ തൂക്കിയിട്ടു.
പെട്ടെന്ന് അവൻ കണ്ടുപിടിക്കാൻ പോകുന്നില്ല."
തുടർന്ന് അവരും കോവിലകത്തിന്റെ കിച്ചണിൽ എത്തി.
യശോധരൻ തങ്ങളുടെ സാധനങ്ങൾ ഒളിപ്പിക്കുകയും ഫ്രിഡ്ജ് ഓഫു ചെയ്യുകയും ചെയ്തിരുന്നു.
അപ്പോൾ ഓട്ടുമണികളുടെ കിലുക്കം കേട്ടു.
അലിയാർ കോവിലകത്തിന്റെ ആനവാതിൽ തുറന്നതാണെന്നു മനസിലായി.
ഇനി ഇടനാഴിയിലേക്കിറങ്ങിയാൽ അപകടമാണ്.
ശ്രീനിവാസകിടാവിന്റെ കണ്ണുകൾ കോവിലകത്തെ സ്റ്റോർ റൂമിന്റെ വാതിലിൽ തറഞ്ഞു.
''ഇങ്ങോട്ടു വരിൻ."
അയാൾ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. പിന്നാലെ ശേഖരനും യശോധരനും.
ശേഷം ശബ്ദം കേൾപ്പിക്കാതെ അകത്തുനിന്ന് അതു ലോക്കുചെയ്തു.
സി.ഐ അലിയാരും എസ്.ഐ സുകേശും അടങ്ങുന്ന സംഘം ഇതിനോടകം ഇടനാഴിയിൽ എത്തിയിരുന്നു.
അവർ നേരെ പോയത് പാഞ്ചാലിയുടെ മുറിയിലേക്കാണ്.
''നോക്ക് സുകേശേ.. ഈ മുറി മാത്രം ഇപ്പോഴും ഇങ്ങനെ വൃത്തിയായി കിടക്കുന്നതു കണ്ടോ?"
സുകേശും ശ്രദ്ധിച്ചു.
ശരിയാണ്!
തറയിൽ പോലും ഒരിത്തിരി പൊടി കാണാനില്ല. തൂത്തു തുടച്ചിട്ടിരിക്കുന്നതു പോലെ...
''എന്താ സാർ ഈ മുറി മാത്രം ഇങ്ങനെ?"
സുകേശ് അർദ്ധശങ്കയോടെ തിരക്കി.
''ഇതിന്റെ ഉത്തരം നമ്മൾ കണ്ടെത്തുന്ന നിമിഷം പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഒരുപക്ഷേ ഈ കേസു തന്നെ അവസാനിച്ചെന്നും വരും."
സി.ഐ പറയുന്നത് എന്താണെന്ന് എസ്.ഐയ്ക്ക് ഇപ്പോഴും മനസ്സിലായില്ല.
നേർത്ത പുഞ്ചിരിയോടെ അലിയാർ തന്റെ കൈവശമിരുന്ന ഒരു കടലാസ് പൊതി തുറന്നു.
അതിനുള്ളിൽ ആ കമ്പിളിയായിരുന്നു. നേരത്തെ കോവിലകത്തുനിന്നു കിട്ടിയത്.
അലിയാർ അതു മടക്കി പാഞ്ചാലിയുടെ കട്ടിലിൽ വച്ചു.
''ഇതെന്തിനാ സാർ ഇവിടെ വയ്ക്കുന്നത്?"
സുകേശ് നെറ്റിചുളിച്ചു.
''ഇര വച്ച് എലിയെ പിടിക്കാറില്ലേ സുകേശേ. അതുപോലെ ഒരു പരീക്ഷണം. എന്റെ ഊഹം ശരിയാണെങ്കിൽ നാളെ നമ്മൾ വരുമ്പോൾ ഈ കമ്പിളി ഇവിടെയുണ്ടാകില്ല. അങ്ങനെ വന്നാൽ മണിക്കൂറുകൾക്കുള്ളിൽ കോവിലകത്തെ പ്രേതക്കഥ പൊളിയും.
അലിയാർ തിരിഞ്ഞു.
''പോകാം."
പോലീസ് സംഘം കോവിലകം വിട്ടു.
ബൊലേറെയുടെ ശബ്ദം അകന്നുപോകുന്നത് സ്റ്റോർ റൂമിലിരുന്ന് കിടാക്കന്മാരും യശോധരനും കേട്ടു. എങ്കിലും അല്പനേരം കൂടി കാത്തിരുന്ന ശേഷമാണ് അവർ വാതിൽ തുറന്നത്. കോവിലകത്തിനുള്ളിൽ ആരുമില്ലെന്ന് ഉറപ്പാക്കി.
''എന്നാലും എന്തിനായിരിക്കും അലിയാർ വന്നത്?"
കിടാക്കന്മാർ പരസ്പരം നോക്കി. ശ്രീനിവാസ കിടാവ് ഒരു സിഗററ്റ് ചുണ്ടിൽ വച്ച് ലൈറ്ററിന്റെ നാളത്തിൽ തീ പകർന്നു.
****
നിലമ്പൂർ ഗസ്റ്റ് ഹൗസ്.
അവിടെ അലിയാരെ കാത്തിരിക്കുകയായിരുന്നു എസ്.പി ഷാജഹാൻ.
അലിയാർ കടന്നുചെന്ന് സല്യൂട്ടു നൽകി.
''സാർ..."
''താൻ ഇരിക്കെടോ. ഒരു സന്തോഷം പറയാനുണ്ട്."
''താങ്ക്‌യൂ സാർ."
ഷാജഹാന് എതിരെ അലിയാർ ഇരുന്നു.
''എന്താണു സാർ സന്തോഷ വർത്തമാനം?"
''ഞാൻ വീണ്ടും മലപ്പുറം എസ്.പിയായി ചാർജ്ജെടുക്കും. രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവുണ്ടാകും."
''അള്ളാ."
അലിയാർ നെഞ്ചിൽ കൈവച്ചു. അയാൾക്ക് ഇതിൽപ്പരം ഒരാഹ്ളാദം ഇല്ലായിരുന്നു.
''പിന്നെ കേസിന്റെ പുരോഗതി ഇങ്ങനെ?"
''കിടാക്കന്മാർ ഒളിവിലാണു സാർ. പക്ഷേ അവർ കേരളം വിട്ടിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. മൈസൂരു ജയിലിൽ നിന്ന് ചന്ദ്രകലയ്ക്കും പ്രജീഷിനും ജാമ്യം അനുവദിച്ചു. ഡെൽഹിയിൽ നിന്നാണ് അഡ്വക്കേറ്റ് എത്തിയത്. അതിനു പിന്നിലും കിടാവാണെന്ന് എനിക്കു സംശയമുണ്ട്."
തുടർന്ന് തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും അലിയാർ എസ്.പിക്കു മുന്നിൽ അവതരിപ്പിച്ചു.
ഷാജഹാൻ അമർത്തി മൂളി.
''ലുക്ക് മി. അലിയാർ. നിന്റെ സംശയം ശരിയാണെങ്കിൽ നീതി കിട്ടേണ്ടത് അവൾക്കു മാത്രമാകണം. പാഞ്ചാലിക്ക്." ഷാജഹാന്റെ മറുപടി കേട്ട് അലിയാർ നെറ്റിചുളിച്ചു.
(തുടരും)