നിങ്ങൾക്ക് മോചനം നൽകുന്ന വികാരമാണ് അനുകമ്പ. മറ്റ് വികാരങ്ങൾ നിങ്ങളെ കുരുക്കുമ്പോൾ അനുകമ്പ നിങ്ങളെ സ്വതന്ത്രമാക്കുന്നു. ഒന്നിലും അത് നിങ്ങളെ കുരുക്കുന്നില്ല. സാധാരണയായി നിങ്ങളുടെ സ്നേഹത്തിന് ആക്കം കൂട്ടുന്നത് അഭിനിവേശമാണ്. പ്രണയം എന്ന് നിങ്ങൾ വിളിക്കുന്നതെന്തും തുടക്കത്തിൽ ഒരു നിശ്ചിത ഇഷ്ടത്തോടെയാണ് ആരംഭിക്കുന്നത്; നിങ്ങൾക്ക് ഉപകാരമാകുന്ന എന്തിനെയെങ്കിലുമോ ആരെയെങ്കിലുമോ ആശ്രയിച്ചായിരിക്കും അത് നിലകൊള്ളുന്നത്. നിങ്ങളിഷ്ടപ്പെടുന്ന വ്യക്തി നല്ലയാളാണെങ്കിൽ മാത്രം നിങ്ങളുടെ സ്നേഹം തുടരും. മോശമെന്ന് നിങ്ങൾ കരുതുന്നത് എന്തെങ്കിലും അവർ ചെയ്താൽ, നിങ്ങൾക്ക് അവരെ സ്നേഹിക്കാൻ കഴിയില്ല. അനുകമ്പയുടെ ഗുണമെന്തെന്നാൽ, ആരെങ്കിലും വളരെ മോശമോ, ദയനീയമോ അല്ലെങ്കിൽ ക്രൂരമനോഭാവമോ കാട്ടിയാലും, നിങ്ങൾക്ക് അവരോട് കൂടുതൽ അനുകമ്പയുണ്ടാവും. തീർച്ചയായും അനുകമ്പ വികാരങ്ങളെ കൂടുതൽ സ്വതന്ത്രമാക്കുന്നു. നിങ്ങളെയത് പരിമിതപ്പെടുത്തുന്നില്ല. അത് നല്ലതും മോശവും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നില്ല.
പൊതുവെ, സ്നേഹമെന്നത് മനോഹരമായിരിക്കാമെങ്കിലും, വളരെ നിഷേധിയുമാണ്. രണ്ട് പ്രണയികൾ ഒരുമിച്ചിരുന്നാൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അവരിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അവരുടേതായ ഒരുമയുടെ, ഒരു കൃത്രിമ ലോകം അവർ സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി, ഗൂഢാലോചന പോലെയാണിത്. നിങ്ങളുടെ ഗൂഢാലോചന നിങ്ങൾക്കെല്ലായ്പ്പോഴും ആസ്വദിക്കാം, കാരണം നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് മറ്റാർക്കും അറിയില്ല. സാധാരണയായി മിക്ക ആളുകൾക്കും, പ്രണയസുഖം ഒരു ഗൂഢാലോചന മാത്രമാണ്. പ്രണയത്തിലാവുന്നതിനെ അവർ നന്നായി ആസ്വദിക്കുന്നു. എന്നാൽ അവർ വിവാഹിതരാകുമ്പോൾ, ലോകം മുഴുവനും അത് പ്രഖ്യാപിക്കപ്പെടുന്നു. എല്ലാവർക്കും അതിനെക്കുറിച്ചറിയാം. കൂടാതെ പെട്ടെന്ന് എല്ലാ സങ്കൽപ്പങ്ങളും അതിൽ ഇല്ലാതാകുന്നു, കാരണം പിന്നെ ഇതൊരു ഗൂഢാലോചനയല്ല. സ്നേഹത്തിന് ഗൂഢാലോചനാപരമായ ഒരു വശമുള്ളതിനാൽ, ആളുകൾക്ക് അത് പ്രത്യേകതരം ആനന്ദം നൽകുന്നു.
അഭിനിവേശമായി ആരംഭിച്ച് അതിരുകളില്ലാത്ത അനുകമ്പയായി വികസിച്ചാൽ അതിൽ കുഴപ്പമില്ല. എന്നാൽ അഭിനിവേശമായി ആരംഭിച്ച് അഭിനിവേശമായി അവസാനിച്ചാൽ, നിങ്ങൾ ജീവിതത്തിലേക്ക് ഒരുപാട് പ്രശ്നങ്ങളെ വിളിച്ചു വരുത്തുകയാണ്. അനുകമ്പയെന്നാൽ എല്ലാമുൾക്കൊള്ളുന്ന അവസ്ഥയാണ്. ഉൾക്കൊള്ളാതെയിരിക്കുന്നതിനെ അഭിനിവേശമെന്നാണ് വിളിക്കുന്നത്. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒന്നാകുന്നതോടെ അത് അനുകമ്പയായി മാറുന്നു.