ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ആഗ്ര ജില്ലയുടെ പേര് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആഗ്രവൻ എന്നാണ് പുതിയ പേര്. ഇതുമായി ബന്ധപ്പെട്ട് അംബേദ്കർ സർവകലാശാലയിൽ നിന്ന് സർക്കാർ വിദഗ്ദോപദേശം തേടിയിട്ടുണ്ട്.
അംബേദ്കർ സർവകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ വശങ്ങൾ പരിശോധിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ഈ സ്ഥലം ആഗ്രവൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ആഗ്രവൻ എന്ന പേര് ആഗ്ര എന്ന് മാറ്റിയ സാഹചര്യങ്ങളും സമയവും പരിശോധിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത് . സർവകലാശാലയുടെ ചരിത്ര വിഭാഗം ഇത് പരിശോധിച്ച് വരികയാണ്.
നേരത്തെ ഉത്തർപ്രദേശ് സർക്കാർ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയിരുന്നു. കൂടാതെ ചരിത്രപ്രാധാന്യമുള്ള മുഗൾ സരായ് റെയിൽവേ സ്റ്റേഷന് ആർ.എസ്.എസ് ചിന്തകൻ ദീനായൽ ഉപാധ്യായയുടെ പേര് നൽകുകയും ചെയ്തിരുന്നു.